വൈദ്യുത ഉൽപാദനം പുനരാരംഭിച്ച് തൃശൂർ പീച്ചി ചെറുകിട ജലവൈദ്യുതി പദ്ധതി. ഡാമിലെ ജലനിരപ്പ് റൂള്‍ കർവ് മറികടന്ന സാഹചര്യത്തിലാണ് ഉത്പാദനം. 1.25 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുക.
2013ലാണ് പീച്ചി അണക്കെട്ടില്‍ ചെറുകിട വൈദ്യുതി ഉല്പാദനം ലക്ഷ്യമിട്ട് ജനറേറ്റര്‍ സ്ഥാപിക്കുന്നത്. മഴക്കാലത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്നതോടെ വൈദ്യുതോല്പാദനം തുടങ്ങും . സീസണൽ ആയാണ് ഇവിടെ വൈദ്യുതി ഉൽപാദനം നടക്കുക .2020ല്‍ പവർഹൗസിലേക്ക് വെള്ളമെത്തിക്കുന്ന വാൽവ് കേടായതോടെ വൈദ്യുതോല്പാദനം നിലച്ചിരുന്നു. ഇത് നന്നാക്കിയാണ് ഇപ്പോള്‍ പ്രവർത്തനം പുനരാരംഭിച്ചത്.
ഡാമിന്റെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. നിലവിൽ ഡാമിലെ ജലനിരപ്പ് 77.54 മീറ്ററാണ്. പീച്ചീയിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി നിലവില്‍ പട്ടിക്കാട് സബ്സ്റ്റേഷനിലേക്കാണ് എത്തിക്കുന്നത്. ഡാമില് നിന്ന് 0.5 മില്ലി മീറ്റര്‍ ക്യൂബിക്ക് ജലം വൈദ്യുത ഉല്പാദനത്തിന് ഉപയോഗിച്ച ശേഷം പുഴയിലേക്ക് ഒഴുക്കി വിടും. അധിക ജലം ഒഴുകുന്നതു മൂലം കരുവന്നൂര്‍, മണലി പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യത ഉണ്ടെന്നും സമീപവാസികള്‍ ജാഗ്രത പുലര്ത്തലണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.