മഴ കനത്താല്‍ വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാംപിലേയ്ക്കു മാറുന്ന കുടുംബമുണ്ട് തൃശൂര്‍ കൊടകരയില്‍. കഴിഞ്ഞ ഏഴു വര്‍ഷമായി ഈ കുടുംബത്തിന്റെ അവസ്ഥ ദയനീയമാണ്. വെള്ളക്കെട്ടില്ലാത്ത സ്ഥലത്തു വീടു നിര്‍മിക്കാന്‍ സഹായം തേടുകയാണ് ഈ നിര്‍ധന കുടുംബം.
ഒാരോ മഴക്കാലവും അപ്പുകുട്ടനും ഭാര്യ രുഗ്മിണിയ്ക്കും മകള്‍ക്കും ഈ വീട്ടില്‍ താമസിക്കാന്‍ പറ്റില്ല. ദുരിതാശ്വാസ ക്യാംപ് ആണ് ആശ്രയം.
വീട്ടില്‍ നിന്ന് ദുരിതാശ്വാസ ക്യാംപിലേക്കുള്ള ഈ യാത്ര തുടങ്ങിയിട്ട് ഏഴു വര്‍ഷമായി. ഇരുപത്തിരണ്ടു വര്‍ഷം മുമ്പാണ് അഞ്ചര സെന്റ് ഭൂമിയില്‍ കുടില്‍ കെട്ടിയത്. പിന്നീട്, വീട് പുനര്‍നിര്‍മിച്ചു. പക്ഷേ, വീട് ഇപ്പോള്‍ ചോര്‍ന്നൊലിക്കുകയാണ്. മഴക്കാലത്തു തീരെ താമസിക്കാന്‍ പറ്റില്ല. ഭൂമിതരം മാറ്റാത്തതിനാല്‍ ലൈഫ് പദ്ധതിയില്‍ വീട് നിര്‍മിക്കാനും കഴിയില്ല. കൂലിപ്പണിയെടുത്താണ് ഉപജീവനം. രുഗ്മിണി ജോലിസ്ഥലത്തു വീണതോടെ പണിയ്ക്കു പോകാനും പറ്റുന്നില്ല. കൊടകരയിലെ സര്‍ക്കാര്‍ സ്കൂളിന്‍റെ ക്ലാസ് മുറികളിലാണ് കാലവര്‍ഷക്കാലത്തെ ഇവരുടെ ജീവിതം.