യാത്ര പോകലാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. രണ്ടാഴ്ച വരെ നീളുന്ന യാത്രകള്‍ പതിവാണ്. പക്ഷേ, രണ്ടുവര്‍ഷം നീളുന്ന യാത്രയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ?. അതും ട്രാക്ടറില്‍. പഞ്ചാബുകാരായ മൂന്നുപേര്‍ ഒരു വര്‍ഷം മുമ്പ് പുറപ്പെട്ടതാണ്. ഇപ്പോള്‍ അതിരപ്പിള്ളിയില്‍ എത്തി. വേറിട്ട യാത്രയുടെ വിശേഷങ്ങളറിയാം.
ട്രാക്ടറിലാണ് പഞ്ചാബില്‍ നിന്ന് പുറപ്പെട്ടത്. പതിമൂവായിരം കിലോമീറ്റര്‍ ഇതിനോടകം സഞ്ചരിച്ചു. 2023 ഒക്ടോബറിലാണ് യാത്ര പുറപ്പെട്ടത്. ഒന്‍പതു സംസ്ഥാനങ്ങള്‍ യാത്ര പിന്നിട്ടു. ഇനി, പത്തൊന്‍പതു സംസ്ഥാനങ്ങള്‍ കൂടി ചുറ്റാനുണ്ട്. അപ്പോഴേയ്ക്കും 2025 ആകും. ഒരു ലിറ്റര്‍ ഡീസല്‍ അടിച്ചാല്‍ ഏഴു കിലോമീറ്ററാണ് മൈലേജ്. കീശ കാലിയാകും. പക്ഷേ, യാത്രയ്ക്കൊരു ഉദ്ദേശ്യമുണ്ട്. രാജ്യം കര്‍ഷകരെ സംരക്ഷിക്കണം. യുദ്ധം അരുത്. പഞ്ചാബുകാരായ അജയും ബിപിനും ലോബ്രിഗും ഈ സന്ദേശവുമായി യാത്ര തുടരുകയാണ്.
ഇവര്‍ ഹോട്ടലില്‍ മുറിയെടുക്കില്ല. ടെന്‍ഡ് കെട്ടി താമസിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പൊതു ശുചിമുറികള്‍ ഉപയോഗിക്കും. മൂന്നു പേരും ബിരുദധാരികളാണ്. ചെറിയ ജോലിയെടുത്തുണ്ടാക്കിയ പണമാണ് ഇവരുടെ കരുതല്‍.