തൃശൂർ എരവിമംഗലം ഷഷ്ഠിയ്ക്കിടെ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. മൂന്നു പൊലീസുകാർക്കും സി.പി.എം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ചു പേർക്കും പരുക്കേറ്റു.
എരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി ആഘോഷത്തിനിടെ ആയിരുന്നു സംഘർഷം. കാവടി സംഘങ്ങൾ ക്ഷേത്രത്തിൽ കയറുമ്പോൾ സമയക്രമം പാലിക്കാൻ പൊലീസ് നിർദേശിച്ചു. ഇതു തർക്കമായി . പൊലീസ് ലാത്തി വീശി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കും അടി കിട്ടി. ഈ പ്രശ്നം തീർന്നതിന് പിന്നാലെ വീണ്ടും സംഘർഷം ഉണ്ടായി. കേരളവർമ കോളജ് യൂണിയൻ മുൻ ചെയർമാനും
ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവുമായ അനന്തുവിനെ കസ്റ്റഡിയിലെടുത്തതാണ് അടുത്ത സംഘർഷത്തിന് കാരണം. വനിതാ പൊലീസിന്‍റെ കയ്യിൽ പിടിച്ചതാണ് അനന്തുവിനെ കസ്റ്റഡിയിലെടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. വനിത സുഹൃത്തുകളെ പൊലീസ് പിടിച്ചു തള്ളിയപ്പോൾ അനന്തു തടഞ്ഞതാണെന് സി.പി.എം പ്രവർത്തകരും പറഞ്ഞു. അനന്തുവിനെ മർദിക്കുന്നത് ചോദ്യം ചെയ്ത ജനപ്രതിനിധികളെ പൊലീസ് തല്ലി. സി.പി.എം നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. രജിത് ഉൾപ്പെടെ അഞ്ച് സി.പി.എം പ്രാദേശിക നേതാക്കൾക്ക് പൊലീസ് മർദനത്തിൽ പരുക്കേറ്റു . പൊലീസ് ഉദ്യോഗസ്ഥൻ ശ്രീജിത്തിന്‍റെ കൈവിരൽ ഒടിഞ്ഞു. ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.