തൃശൂര്‍ പുന്നയൂര്‍ക്കുളം അണ്ടത്തോട് ചുരുങ്ങിയ സ്ഥലത്തു മാത്രം കടല്‍ഭിത്തി നിര്‍മിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. കരിങ്കല്ലുകളുമായി എത്തിയ ലോറി ദീര്‍ഘനേരം നാട്ടുകാര്‍ തടഞ്ഞിട്ടു. പൊലീസ് എത്തിയാണ് പ്രശ്നം തല്‍ക്കാലത്തേയ്ക്കു പരിഹരിച്ചത്.
പുന്നയൂര്‍ക്കുളം അണ്ടത്തോട് കടല്‍ത്തീരത്ത് 500 മീറ്റര്‍ മാത്രം കടല്‍ഭിത്തി നിര്‍മിക്കാനാണ് നീക്കം. ആറു വാര്‍ഡുകളിലായി പരന്നു കിടക്കുന്ന തീരത്ത് ചുരുങ്ങിയ സ്ഥലത്തു മാത്രം കടല്‍ഭിത്തി നിര്‍മിക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. കാരണം, ഭിത്തിയില്ലാത്ത മറ്റിടങ്ങളില്‍ കടല്‍ കയറി വെള്ളപ്പൊക്കമാകും. കടല്‍ഭിത്തി നിര്‍മിക്കുന്നുണ്ടെങ്കില്‍ പൂര്‍ണമായും വേണം. കരിങ്കല്ലുമായി എത്തിയ ലോറിയാണ് നാട്ടുകാര്‍ തടഞ്ഞിട്ടത്.
നിലവില്‍ കൊണ്ടുവന്ന കല്ലുകള്‍ തീരത്തിറക്കാന്‍ പൊലീസുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ സമ്മതിച്ചു. കടല്‍ഭിത്തി എല്ലായിടത്തും നിര്‍മിക്കുന്ന കാര്യം ഉടന്‍ ചര്‍ച്ച ചെയ്യാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതോടെ നാട്ടുകാര്‍ പിരിഞ്ഞുപോയി.