mvd-tipperlorry

തൃശൂര്‍ മുല്ലക്കര ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വണ്ടി കണ്ട ഉടനെ ടിപ്പര്‍ ലോറിക്കാരന്‍ വണ്ടി സര്‍വീസ് റോഡില്‍ നിര്‍ത്തി മുങ്ങി. നാല്‍പതിനായിരം രൂപ പിഴത്തുക അടയ്ക്കുന്നത് ഒഴിവാക്കാന്‍ മുങ്ങിയതാതാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. 

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജുവും സംഘവും തൃശൂര്‍ മുടിക്കോട് ദേശീയപാതയിലൂടെ വരികയായിരുന്നു. ഈ സമയം, കരിങ്കല്ല് കയറ്റിയ ടിപ്പര്‍ ലോറി സര്‍വീസ് റോഡിലേക്ക് വേഗം ഓടിച്ചു കയറ്റുന്നതും ഡ്രൈവര്‍ ഇറങ്ങിയോടുന്നതും കണ്ടു. പിന്നാലെ, വണ്ടിയുടെ അടുത്തെത്തി പരിശോധിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടില്ല. കല്ലിനിടയിലും പരിശോധിച്ചു. ഒന്നും കണ്ടില്ല. വണ്ടിയുടെ രേഖകള്‍ പരിശോധിച്ച ശേഷം ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് മാറി. കുറച്ചു സമയത്തിനു ശേഷം വീണ്ടും ടിപ്പര്‍ ലോറിയുടെ അടുത്തു വന്നപ്പോള്‍ വണ്ടിയുടെ ഡ്രൈവര്‍ കാബിന്‍ പൂട്ടിയ നിലയിലായിരുന്നു.

കരിങ്കല്ല് അമിതമായി കയറ്റിയതിനാല്‍ നാല്‍പതിനായിരം രൂപയാണ് പിഴ. വണ്ടിയുടെ താക്കോല്‍ ഇല്ലാത്തതിനാല്‍ ഭാരപരിശോധന നടത്താനും കഴിഞ്ഞില്ല. വണ്ടിയുടെ ഉടമസ്ഥനെ വിളിപ്പിച്ചിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും വലിയ തുക പിഴയൊടുക്കാനും ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതേ വണ്ടി ദേശീയപാതയില്‍ പൊലീസ് പരിശോധിച്ച് 250 രൂപ മാത്രം പിഴയൊടുക്കിയതായും എം.വി.ഐയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

Upon spotting the Motor Vehicles Department's vehicle, the tipper lorry driver stopped on the service road and fled