payyannurpostoffice

ജീവനക്കാരെയും ജനങ്ങളെയും ദുരിതത്തിലാക്കി കണ്ണൂർ പയ്യന്നൂരിലെ മുഖ്യ തപാൽ ഓഫിസ്. സ്ഥലപരിമിതിയും രണ്ടാം നിലയിലെ ഓഫിസിലേക്കുള്ള ഇടുങ്ങിയ വഴിയുമാണ് ദൈനംദിന പ്രവർത്തനത്തിന് തടസം. പത്തൊൻപത് തപാൽ ഓഫിസുകളുള്ള മുഖ്യ ഓഫിസാണിത്. ദിവസവും ആയിരക്കണക്കിന് കത്തുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം. കഴിഞ്ഞ പതിനഞ്ച് വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തനം. സമീപത്തെ കടകളിലേക്ക് സാധനങ്ങൾ കയറ്റിയിറക്കാൻ വാഹനങ്ങളെത്തിയാൽ തപാൽ ഓഫിസിലേക്കുള്ള വഴി തടസപ്പെടും. 

പ്രായമായവരടക്കം ദിനംപ്രതി അഞ്ഞൂറോളം ആളുകളാണ് പോസ്റ്റ് ഓഫിസ് സേവനം തേടിയെത്തുന്നത്. മിക്ക ദിവസങ്ങളിലും വൈകിയോടുന്ന മലബാർ എക്സ്പ്രസ്സിലാണ് തപാൽ ഉരുപ്പടികൾ എത്തുന്നത്. ഒരു കിലോമീറ്റർ അകലെ നിന്ന് ഇവ വേഗത്തിൽ രണ്ടാം നിലയിലെ ഓഫിസിലെത്തിക്കുകയും പ്രയാസമാണ്. ഓഫിസിനോട് ചേർന്ന് വാഹന പാർക്കിങ്ങിനും ഇടമില്ല. വാടക കെട്ടിടത്തിന് പിന്നിലായി ഇരുപത് സെന്റ് സ്ഥലം തപാൽ വകുപ്പിന് ഉണ്ടെങ്കിലും അവിടെ കെട്ടിടം നിർമിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.