palakkad-walayar-dam

തമിഴ്നാട് കേരള അതിര്‍ത്തിയിലുളള പാലക്കാട്ടെ വാളയാര്‍ അണക്കെട്ടില്‍ മുങ്ങിമരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഒരു വര്‍ഷത്തിനിടെ പതിനഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരിലേറെയും വിദ്യാര്‍ഥികളും തമിഴ്നാട് സ്വദേശികളുമാണ്. 

കഴിഞ്ഞ മൂന്നുദിവസത്തിനിടെ അഞ്ച് മരണം.ഒരു വര്‍ഷത്തിനിടെ പതിനഞ്ച്.പതിനെട്ടുവര്‍ഷത്തിനിടെ 32 പേര്‍. പ്രകൃതി സൗന്ദര്യത്താല്‍ മനോഹരമായ വാളയാര്‍ അണക്കെട്ടിലാണ് ഒരോ ദിവസവും മനുഷ്യജീവനുകള്‍ ഇല്ലാതാകുന്നത്. ജലപ്പരപ്പിന്റ സൗന്ദര്യം മാത്രം കണ്ട് വെള്ളത്തിലിറങ്ങി അപകടത്തിലാകുന്നവരിലേറെയും വിദ്യാര്‍ഥികള്‍. തമിഴ്നാട്ടിലെ വിവിധ കോളജുകളിലെ ആണ്‍പെണ്‍ സൗഹൃദങ്ങളും മദ്യപിച്ച് എത്തുന്ന യുവാക്കളുമാണ് മുഖ്യമായും അപകടത്തില്‍പ്പെടുന്നത്. അണക്കെട്ടില്‍ ചെളിനിറഞ്ഞതും മണല്‍ക്കുഴികളും ആരും തിരിച്ചറിയുന്നില്ല. മുൻകാലങ്ങളില്‍ വെള്ളത്തിൽ ഇറങ്ങുന്നവരെ കണ്ടാൽ നാട്ടുകാർ വിലക്കുമായിരുന്നു.

കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന വിജനമായ പ്രദേശമായതിനാല്‍ ഊടുവഴികളിലൂടെ അണക്കെട്ടിലെത്താം. പൊലീസ് നിരീക്ഷണം എളുപ്പമല്ല. പക്ഷേ അണക്കെട്ടിന്റെ ഉടമസ്ഥരായ കേരളത്തിലെ ജലസേനചനവകുപ്പിന്റെ നിരീക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.