വിദ്യാർഥികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന കണ്ടെത്തലിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിന്റെ അവസാനവട്ട അംഗീകാരം മെഡിക്കൽ കൗൺസിൽ റദ്ദാക്കി. സൗകര്യങ്ങൾ ഉടൻ മെച്ചപ്പെടുത്താമെന്ന് സത്യവാങ്മൂലം നൽകി തൽക്കാലത്തേക്ക് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.
അധ്യയനം തുടങ്ങി ആറാം വർഷത്തേക്ക് കടന്നിട്ടും എം.ബി ബി എസ് വിദ്യാർഥികർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നും മഞ്ചേരി മെഡിക്കൽ കോളജിൽ ഇല്ലെന്ന പരാതിക്ക് മാത്രം പരിഹാരമില്ല. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് അസൗകര്യങ്ങളുടെ പട്ടിക അക്കമിട്ട് നിരത്തിയാണ് അവസാനവട്ട അംഗീകാരം റദ്ദാക്കിയത്. ഹോസ്റ്റൽ, മൈതാനം, ക്വാർട്ടേഴ്സുകൾ, അക്കാദമിക് ബ്ലോക്കുകൾ എന്നിവക്ക് ഫണ്ട് വകയിരുത്തിയെങ്കിലും നിർമാണം പോലും തുടങ്ങാനായിട്ടില്ല. വിദ്ഗ്ധ ഡോക്ടർമാരുണ്ടെങ്കിലും ആശുപത്രിയിയിൽ ചികിൽസ സൗകര്യങ്ങളില്ല.
ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും ഡോക്കർമാരുടെ എണ്ണത്തിലും മൂന്നംഗ മെഡിക്കൽ കൗൺസിൽ തൃപ്തി രേഖപ്പെടുത്തി. മാസങ്ങൾക്കുള്ളിൽ മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താമെന്ന് ഡി.എം.ഇയും ആരോഗ്യ സെക്രട്ടറിയും കത്തു നൽകി തൽക്കാലത്തേക്ക് അംഗീകാരം നിലനിർത്താനുള്ള ശ്രമം സർക്കാർ തലത്തിൽ ആരംഭിച്ചു.