kozhikode-quarry-t

കോഴിക്കോട് വാലില്ലാപ്പുഴയില്‍ ക്വാറിയില്‍ നിന്ന് നീക്കം ചെയ്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നിരവധി കുടുംബങ്ങളുെട നെഞ്ചിടിപ്പ് കൂട്ടുന്നു. കനത്ത മഴയില്‍ പലപ്പോഴായി മണ്ണൊലിച്ചിറങ്ങി പ്രദേശത്തെ നിരവധി കിണറുകള്‍ ഉപയോഗശൂന്യമായി. മഴ തുടര്‍ന്നാല്‍ കട്ടിപ്പാറയിലുണ്ടായതിന് സമാനമായ ദുരന്തത്തിന് വഴിതുറക്കുമെന്നാണ് ഇവരുടെ ആശങ്ക. 

ചാറ്റല്‍ മഴയില്‍പ്പോലും ഒാലികുന്നേല്‍ സൈബുവും കുടുംബവും ഉറങ്ങാറില്ല. വീടിന്റെ മൂന്നിരട്ടി ഉയരത്തില്‍ സമീപത്തായി കൂട്ടിയിട്ടിരിക്കുന്ന മണ്ണും കല്ലും ഏത് സമയത്തും താമസിക്കുന്നിടത്തേക്ക് പതിച്ചേക്കാം. സ്വകാര്യ വ്യക്തിയുടെ ക്വാറിക്ക് വേണ്ടി മണ്ണെടുത്ത് സംഭരിച്ചത് സൈബുവിന്റെ വീടിനോട് ചേര്‍ന്നാണ്. പ്രതിഷേധം കണക്കിലെടുക്കാതെയായിരുന്നു പണി. കഴിഞ്ഞദിവസത്തെ കനത്ത മഴയില്‍ ഇവിടെയും മണ്ണിടിച്ചിലുണ്ടായി. ചെളിയും മണ്ണും വീടിന്റെ മുറ്റം വരെയെത്തി. നിരവധി തവണ പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. 

സൈബുവിന്റേത് മാത്രമല്ല ആശങ്ക. സമീപത്തെ പന്ത്രണ്ട് കുടുംബങ്ങള്‍ ഈ മണ്ണ് മലയുടെ ചുവട്ടിലാണ് താമസിക്കുന്നത്. പലരും ശുദ്ധജലം ശേഖരിച്ചിരുന്ന കിണറുകള്‍ ചെളിക്കുണ്ടായി. വഴിയിലെല്ലാം ചെളിവെള്ളം നിറഞ്ഞു. ഏറെ ദൂരം സഞ്ചരിച്ചാണ് മഴക്കാലത്തും ഇവര്‍ കുടിവെള്ളമെത്തിക്കുന്നത്. മഴ തുടര്‍ന്നാല്‍ ഈ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. ദുരന്തമുണ്ടായിട്ട് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കരുതെന്നാണ് അധികൃതരോടുള്ള ഇവരുടെ അപേക്ഷ.