കണ്ണൂര്‍ തളിപ്പറമ്പ് കുപ്പം പുഴയില്‍ പാലം നിര്‍മാണത്തിനായി മണ്ണിട്ടതോടെ പുഴയോരത്തെ താമസക്കാര്‍ കരയിടിച്ചില്‍ ഭീതിയില്‍. ശക്തമായ മഴ പെയ്ത് വെള്ളം കൂടിയാല്‍ പുഴയോരത്ത് വെള്ളം കയറുന്നത് കരയിടിച്ചിലിന് ഇടയാക്കുമെന്നതാണ് ആശങ്ക.
ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായി കുപ്പം പാലത്തിന് സമാന്തരമായി പുതിയ പാലം പണിതുകൊണ്ടിരിക്കുകയാണ്. പില്ലറുകളുടെ പണി കഴിഞ്ഞെങ്കിലും ബീമുകള്‍ സ്ഥാപിച്ചിട്ടില്ല. ബീം വെയ്ക്കാനായാണ് കരാര്‍ കമ്പനി പുഴയില്‍ മണ്ണിട്ട് പൊക്കിയത്. ചെറിയൊരു ഭാഗത്തുകൂടി മാത്രമാണ് നീരൊഴുക്ക്. ഒഴുക്ക് കുറഞ്ഞതോടെ പുഴയില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്ന സ്ഥിതിയാണ് എപ്പോഴും. ഇതാണ് ആശങ്ക കൂട്ടാന്‍ കാരണം.
കഴിഞ്ഞ ശക്തമായ മഴയില്‍ പുഴ കരകയറുകയും തെങ്ങുള്‍പ്പെടെയുള്ള കൃഷി നശിക്കുകയും ചെയ്തിരുന്നു. കരയിടിച്ചിലില്‍ കണ്ടല്‍, കമുക് മരങ്ങള്‍ പുഴയിലേക്ക് നിലംപൊത്തുകയും ചെയ്തു. കൂടാതെ പുഴയോരത്തുള്ള ഹൈ വോള്‍ട്ടേജ് വൈദ്യുതി തൂണും അപകട ഭീഷണിയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.