മഴയില്‍ മനംകവര്‍ന്ന് പാലക്കാട്ടെ ടിപ്പുവിന്റെ കോട്ടയും. കോട്ടയോട് ചേര്‍ന്നുളള കിടങ്ങ് നിറഞ്ഞത് കാണാന്‍ തിരക്കേറുകയാണ്. ദശാബ്ദങ്ങളായി ഇങ്ങനെയൊരു ജലവിസ്മയം ഉണ്ടായിട്ടില്ലെന്നാണ് പതിവു സഞ്ചാരികള്‍ പറയുന്നത്.
കരിമ്പനകള്‍ അതിരിട്ട മണ്ണില്‍ കൂറ്റന്‍ കരിങ്കല്‍ പാളികളാല്‍ ടിപ്പുവിന്റെ കോട്ട തലയെടുപ്പോടെ നില്‍ക്കുന്നു. പാലക്കാട് നഗരമധ്യത്തില്‍ പതിനഞ്ചേക്കറിലായി പടയോട്ടക്കാലത്തിന്റെ പ്രൗഡിയോടെ. കോട്ടയ്ക്കു ചുറ്റുമുളള വെളളത്താല്‍ ചുറ്റപ്പെട്ട കിടങ്ങാണ് ഇപ്പോള്‍ എല്ലാവര്‍ക്കും കാഴ്ചയാകുന്നത്. എത്രമഴ പെയ്താലും കിടങ്ങില്‍ ജലനിരപ്പുയരുന്നത് അപൂര്‍വമാണ്. ഒരുവശത്ത് വെളളം കുറവാണെങ്കിലും മറ്റ് ഭാഗങ്ങളില്‍ നടപ്പാതയോട് ചേര്‍ന്നൊഴുകി വെളളം പൂന്തോട്ടത്തിലേക്കും കയറിയിട്ടുണ്ട്. വെളളം കാണാനാകാത്തവിധം കുളവാഴകൊണ്ട് നിറഞ്ഞിരിക്കുകയാണ് കിടങ്ങ്. ജലവിതാനത്തില്‍ ഒഴുകിനടക്കുന്ന പൂക്കളും നല്ല കാഴ്ചയാണ്.
വെളളത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന ആയിരത്തിലധികം ആമകളാണ് മറ്റൊരാകര്‍ഷണം. സാമൂതിരിയുടെ ആക്രമണഭീഷണി തടയാന്‍ 1766 ല്‍ മൈസൂര്‍ രാജാവായ ഹൈദരലിയാണ് കോട്ട പുതുക്കിപ്പണിതത്. ശത്രുക്കള്‍ കിടങ്ങ് നീന്തിക്കടന്ന് വരാതിരിക്കാന്‍ അന്ന് കിടങ്ങിനുളളില്‍ ചീങ്കണ്ണിയെ വളര്‍ത്തിയിരുന്നതായാണ് വിവരം. നഗരത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും പുരാവസ്തു, ചരിത്രവിദ്യാര്‍ഥികള്‍ക്കും പ്രിയപ്പെട്ടയിടമാണ് കോട്ടയും പരിസരവും.
കാഴ്ചകള്‍ കണ്ട് കോട്ടയ്ക്കു ചുറ്റും നടക്കുന്നവരാണധികവും. പുരാവസ്തുവകുപ്പിന്റെ സംരക്ഷണയുളള കോട്ടയ്ക്കുളളില്‍ ജയിലും സര്‍ക്കാര്‍ ഒാഫീസുകളും ഹനുമാന്‍ക്ഷേത്രവുമുണ്ട്.