ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം വണ്ടൂരിൽ കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ച് കുടുംബശ്രീ പ്രവർത്തകർ. ബർത്ത് ഡേ കേക്കുകൾ മുതൽ ക്രിയേറ്റീവ് കേക്കുകൾ വരെ രുചിച്ചു നോക്കാനും വാങ്ങാനും മേളയിൽ അവസരമുണ്ടായിരുന്നു.
വണ്ടൂർ ബ്ലോക്കിന് കീഴിലുള്ള കുടുംബശ്രീ പ്രവർത്തകർ ചേർന്നാണ് കേക്ക് മേള സംഘടിപ്പിച്ചത്. ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച പ്രദർശനവും വിൽപ്പനയും എംഎൽഎ എപി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. രണ്ടുപേർ അടങ്ങുന്ന 19 ടീമുകൾ നിർമ്മിച്ച കേക്കുകളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. വിവിധ രുചികളിൽ ലഭ്യമായ കേക്കുകൾ രുചിക്കാൻ നിരവധി പേരാണ് എത്തിയത്. 20 മുതൽ 900 രൂപവരെയായിരുന്നു കേക്കുകളുടെ വില. നിമിഷനേരം കൊണ്ടാണ് കേക്കുകൾ വിറ്റുതീർത്തത്.
കുടുംബശ്രീക്ക് കീഴിലെ വിവിധ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയായിരുന്നു കേക്ക് ഫെസ്റ്റിന്റെ ലക്ഷ്യം. കേക്ക് മേളക്ക് ലഭിച്ച സ്വീകാര്യത കുടുംബശ്രീയുടെ സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്നെന്നാണു കുടുംബശ്രീ അംഗങ്ങൾ പറയുന്നത്.