വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് അനിശ്ചിത കാലത്തേയ്ക്ക് അടച്ച കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. അച്ചടക്ക നടപടിയെത്തുടര്‍ന്ന് പുറത്താക്കിയ വിദ്യാര്‍ഥി അഖില്‍ താഴത്തിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തിന് ശേഷം മാത്രമേ തീരുമാനമുണ്ടാകു.
ഒരാഴ്ച മുമ്പാണ് കേന്ദ്ര സര്‍വകലാശാല അനിശ്ചിത കാലത്തേയ്ക്ക് അടച്ചത്. അധ്യായനം ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വൈസ് ചാന്‍സിലറോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കാതെ ക്ലാസുകള്‍ ആരംഭിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു അധികൃതര്‍. ഹോസ്റ്റലുകള്‍ അടച്ചതോടെ ഭൂരിപക്ഷം വിദ്യാര്‍ഥികളും വീടുകളിലേയ്ക്കു മടങ്ങി. ഇതോെട സമരത്തിന്റെ ശക്തിയും കുറഞ്ഞു. ഈ സാഹചര്യത്തില്‍ അധ്യായനം ആരംഭിക്കാന്‍ തടസമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ വൈസ് ചാന്‍സിലന്‍ തീരുമാനിച്ചത്. എന്നാല്‍ അഖില്‍ താഴത്തിനെ തിരിച്ചെടുക്കും വരെ സമരം തുടരാനാണ് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.
നവംബര്‍ രണ്ടിനു ചേരുന്ന എക്സിക്യൂട്ടിവ് കൗണ്‍സിലില്‍ അഖിലിനെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാര്‍ഥി മാപ്പ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വൈസ് ചാന്‍സിലറേയും, സര്‍വകലാശാലയേയും അപമാനിച്ച വിദ്യാര്‍ഥിയെ തിരിച്ചെടുക്കേണ്ടതില്ല എന്ന അഭിപ്രായം എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ഒരു വിഭാഗത്തിനുണ്ട്. അഖിലിനെ തിരിച്ചെടുത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.