കോഴിക്കോട് കടല്‍ത്തീരത്ത് കാഴ്ചയുടെ വസന്തമൊരുക്കി പുഷ്പമേള. വിദേശ ഇനം പുഷ്പങ്ങളുള്‍പ്പെടെ ആയിരത്തിലധികം പൂക്കളുടെ ശേഖരമാണ് മേളയിലുള്ളത്. കാലിക്കറ്റ് അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പുഷ്പോല്‍സവം.  

വാടാമുല്ലയില്‍ തുടങ്ങി ഓര്‍ക്കിഡ് വരെ നീളുന്ന വ്യത്യസ്ത കാഴ്ച വസന്തം. ഡാലിയ, സാല്‍വിയ, സൂര്യകാന്തി. പരിചിതമായതും വിദേശരാജ്യങ്ങളില്‍ മാത്രം കാണാന്‍ കഴിയുന്നതുമായ പല പൂക്കളും മേളയിലുണ്ട്. വലിയ പൂന്തോട്ടത്തിന്റെ മാതൃകയില്‍ തീര്‍ത്ത തീരത്തെ കാഴ്ചയെല്ലാം പുതുമയുള്ളതാണ്. ആയിരത്തിലധികം ഇനം പൂക്കളാണ് പ്രദര്‍ശനത്തിലുള്ളത്.  

ജൈവ പച്ചക്കറി പഴവര്‍ഗങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് മേളയുടെ സന്ദേശം. ജൈവകൃഷിയെക്കുറിച്ചും വ്യാവസായിക അടിസ്ഥാനത്തില്‍ പുഷ്പ കൃഷി ചെയ്യുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേക ശില്‍പശാല. മെഗാനറുക്കെടുപ്പ്, കുടുംബശ്രീയുടെ ഭക്ഷ്യമേള, കലാപരിപാടികള്‍ തുടങ്ങി മണിക്കൂറുകള്‍ ആസ്വദിക്കാനുള്ള വകയുണ്ട് മേളയില്‍. തുടര്‍ച്ചയായ നാല്‍പ്പത്തി രണ്ടാം വര്‍ഷമാണ് ഇരുപതിനായിരത്തിലധികം ചതുരശ്ര അടി വിസ്തൃതിയില്‍ പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം. ഫെബ്രുവരി മൂന്നിന് സമാപിക്കും. മേളയുടെ സമാപന ദിവസം കുറഞ്ഞ നിരക്കില്‍ ഇഷ്ടപ്പെട്ട ചെടികള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.