പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിന് വിദ്യാലയത്തിന്റെ കൈത്താങ്ങ്. മലപ്പുറം എടക്കര പാലേമാട് വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളാണ് പ്രളയത്തിൽ തകർന്ന വിദ്യാർഥികളുടെ കുടുംബത്തിന് അഞ്ച് വീടുകൾ നിർമിക്കുന്നത്. 

പാലേമാട് വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ്, എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഓരോ വീടുകളും സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ മൂന്ന് വീടുകളും ഉൾപ്പെടെ അഞ്ചു വീടുകളാണ് നിർമിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി 61 പേർ മരിച്ച കവളപ്പാറയിലെ രണ്ടു കുടുംബങ്ങളും ഇതിലുൾപ്പെടും .

വിദ്യാലയത്തിലെ മാനേജറും അധ്യാപകനുമാണ് വീട് നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകുന്നത്. പ്രളയത്തിൽ തകർന്ന അഞ്ചു വീടുകളുടെ പുനരുദ്ധാരണവും സ്കൂൾ ഏറ്റെടുത്തിട്ടുണ്ട്. മൂന്നുമാസത്തിനകം കുടുംബങ്ങൾക്ക് വീട് കൈമാറാനാണ് ഉദ്ദേശിക്കുന്നത്.