കോഴിക്കോട് ഉള്ള്യേരി കൊലയമലയിലെ ചെങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ സമരത്തിനിറങ്ങിയത് കുടിവെള്ളം മുട്ടുമെന്ന ഭീതിയില്‍. ഉരുള്‍പൊട്ടലിന് ഏറെ സാധ്യതയുള്ള പ്രദേശത്ത് എണ്ണൂറിലധികം വീടുകളുണ്ട്. സമരം കണക്കിലെടുത്ത് ഖനനം നിര്‍ത്തിയില്ലെങ്കില്‍ നിയമപരമായി നേരിടുന്നതിനാണ് ഇവരുടെ തീരുമാനം. 

വേനല്‍ക്കാലത്ത് ജലക്ഷാമം നേരിടുന്ന പ്രദേശം. കിലോമീറ്ററുകള്‍ താണ്ടിയാണ് പലരും കുടിവെള്ളമെത്തിക്കുന്നത്. കൂടിയ തുകയ്ക്ക് ടാങ്കറില്‍ വെള്ളമെത്തിക്കുന്നതും പതിവാണ്. അല്‍പമെങ്കിലും ജലസാന്നിധ്യം പ്രദേശത്തുള്ളത് കൊലയ മലയുടെ സാന്നിധ്യമുള്ളതു കൊണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മണ്ണിടിയാന്‍ ഏറ്റവും സാധ്യതയുള്ള പ്രദേശത്ത് ചെങ്കല്‍ ഖനനം കൂടിയാകുമ്പോള്‍ അപകടസാധ്യതയേറും. നിലനില്‍പ്പിനായാണ് നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. 

വീണ്ടും ഖനനം തുടര്‍ന്നാല്‍ കോടതിയെ സമീപിക്കുന്നതിനാണ് തീരുമാനം. ജനസാന്ദ്രത കണക്കിലെടുത്ത് ഖനനത്തിനായി നല്‍കിയ അനുമതികള്‍ റദ്ദാക്കണം. ജില്ലാഭരണകൂടം വിഷയം ഗൗരവമായി കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.