kavung

TAGS

മഞ്ഞളിപ്പ് രോഗം കാരണം കടുത്ത പ്രതിസന്ധിയിലായി കവുങ്ങ് കര്‍ഷകര്‍. പാലക്കാട് തൃത്താലയിലെ കാഞ്ഞിരത്താണി മേഖലയിൽ ചുരുങ്ങിയ കാലയളവില്‍ രോഗബാധയേറ്റ അരലക്ഷത്തിലധികം കവുങ്ങുകളാണ് മുറിച്ച് മാറ്റിയത്. കൃഷിവകുപ്പിന്റെ പതിവ് പരിശോധനയല്ലാതെ പ്രതിരോധിക്കാന്‍ യാതൊരു നടപടിയുമില്ലെന്നാണ് പരാതി.  

കവുങ്ങിൻ പട്ട മഞ്ഞനിറത്തിലാകുന്നതാണ് രോഗലക്ഷണം. രോഗബാധയേറ്റാല്‍ കവുങ്ങ് ഉണങ്ങി വീഴും. വിള നഷ്ടപ്പെടുമെന്ന് മാത്രമല്ല ഉപജീവനമാര്‍ഗവും അടയും. പൂവിടുമ്പോൾ തന്നെ വിലയുറപ്പിച്ച് പാട്ടത്തിനെടുക്കുന്ന കച്ചവടക്കാരെയും, അടയ്ക്ക പൊളിക്കാൻ കരാറെടുക്കുന്ന സ്ത്രീ തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്ന രീതിയിലാണ് മഞ്ഞളിപ്പ് രോഗം വ്യാപിക്കുന്നത്. ചെറുപ്രായത്തിലുള്ള കവുങ്ങുകളാണ് കൂടുതലും നശിക്കുന്നത്. അടക്കയ്ക്ക് നല്ല വിലകിട്ടുന്ന സമയത്ത് കവുങ്ങ് തോട്ടങ്ങളില്‍ ബാധിച്ച മഞ്ഞളിപ്പ് രോഗം കര്‍ഷകര്‍ക്ക് വൻ നഷ്ടമാണുണ്ടാക്കുന്നത്.  രോഗം ബാധിച്ചതോടെ ചുരുങ്ങിയ കാലയളവിനുള്ളില്‍‍ കാഞ്ഞിരത്താണിയില്‍ മാത്രം ഇരുപത്തി അഞ്ചിലധികം കര്‍ഷകരുടെ അരലക്ഷത്തിലധികം കവുങ്ങുകള്‍ മുറിച്ച് മാറ്റേണ്ടി വന്നു. 

രോഗ പ്രതിരോധത്തിനായി ഫലപ്രദമായ മരുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വളപ്രയോഗം മുതൽ കാലാവസ്‌ഥ മാറ്റം വരെയാണ് കവുങ്ങ് കൃഷി നേരിടുന്ന പ്രതിസന്ധിക്ക് കാരണമായിപ്പറയുന്നത്. പരമ്പരാഗത കൃഷി ഒഴിവാക്കി മറ്റ് വഴികള്‍ തേടേണ്ടി വരുമോ എന്നതാണ് പലരുടെയും സംശയം. 

Areca palm  farmers are in dire straits due to disease