thathengalam

മണ്ണാര്‍ക്കാട് തത്തേങ്ങലം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നീക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെഉത്തരവ് നടപ്പായില്ല. രണ്ട് മാസമെന്നത് ആറ് മാസം കഴിഞ്ഞിട്ടും ജില്ലാഭരണകൂടം കമ്മിഷന്‍ നിര്‍ദേശം അറിഞ്ഞ മട്ടില്ലെന്നാണ് ആക്ഷേപം. കമ്മിഷനംഗം കെ.ബൈജുനാഥ് ഒക്ടോബറിലാണ് ഉത്തരവിറക്കിയത്. രണ്ട് മാസത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ നിറച്ച വീപ്പകള്‍ പൂര്‍ണമായും നീക്കണമെന്നായിരുന്നു പാലക്കാട് ജില്ലാഭരണകൂടത്തിന് നല്‍കിയ നിര്‍ദേശം. ആറ് മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കിയില്ല. 

314 ലീറ്റർ എൻഡോസൾഫാൻ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ 2014 ഒക്ടോബർ ഒന്നിന് സുരക്ഷിതമായ ബാരലുകളിലേക്ക് മാറ്റിയിരുന്നു. മുറി സീല്‍ ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. ബാരലുകള്‍ ഗോഡൗണിൽ നിന്ന് മാറ്റിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമെന്ന്  ചീഫ് സെക്രട്ടറിയെയും, ആരോഗ്യ സെക്രട്ടറിയെയും അറിയിച്ചിരുന്നുവെങ്കിലും സർക്കാരിൽ നിന്നും ഉത്തരവൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി പൊതുപ്രവർത്തകന്‍ പി രതീഷ് സമർപ്പിച്ച പരാതി കഴമ്പുള്ളതാണെന്ന് കണ്ടാണ് കമ്മീഷൻ കലക്ടറോട് എൻഡോസൾഫാൻ നീക്കാൻ ഉത്തരവിട്ടത്. പ്രതിസന്ധി തുടര്‍ന്നാല്‍ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് തത്തേങ്ങലത്തുകാരുടെ തീരുമാനം.