police4

സംസ്ഥാന ഭാഗ്യക്കുറിയുടെ മറവില്‍ എഴുത്ത് ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ മാധവന്‍, ധീരജ് എന്നിവരെയാണ് പാലക്കാട് തൃത്താല പൊലീസ് പിടികൂടിയത്. രണ്ട് മാസത്തിനിടെ എഴുത്ത് ലോട്ടറിയുമായി ബന്ധപ്പെട്ട് നാലുപേരാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. 

തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ കുമ്പിടി, കൂടല്ലൂർ, കോക്കാട്, ഒതളൂർ റോഡ് എന്നിവിടങ്ങളിലെ ലോട്ടറി സ്ഥാപനങ്ങളിലായിരുന്നു തൃത്താല പൊലീസിന്റെ പരിശോധന. കുമ്പിടിയിൽ ആനക്കര പഞ്ചായത്തോഫീസിനുസമീപം പ്രവർത്തി ക്കുന്ന ലോട്ടറി ഏജൻസിയിൽ നിന്നാണ് പണം പിടിച്ചത്. കുമ്പിടി, കോക്കാട് എന്നിവിടങ്ങളിലെ ഏജന്‍സികളില്‍ നിന്നാണ് മാധവനും ധീരജും പിടിയിലായത്. എഴുത്തുലോട്ടറി നമ്പറുകൾ കൈമാറുന്ന മൊബൈൽ രേഖകളും ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനയറിഞ്ഞ് രണ്ടുപേർ കടകളുടെ ഷട്ടർ അടച്ച് ഓടി രക്ഷപ്പെട്ടു. നേരത്തെ എഴുതുന്ന മാതൃകയിലാണ് എഴുത്ത് ലോട്ടറി നടത്തിയിരുന്നെങ്കിൽ നിലവില്‍ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വൻകിട രീതിയിലാണ് മാഫിയാസംഘം പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും തൃത്താലയിലെ വിവിധയിടങ്ങളില്‍ പൊലീസ് തുടര്‍ പരിശോധന നടത്തിയിരുന്നു. രണ്ടുപേരെ പിടികൂടുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചാണ് എഴുത്ത് ലോട്ടറി ചൂതാട്ടക്കാരെ കണ്ടെത്താനുള്ള പൊലീസ് ശ്രമം.