TAGS

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നുണ്ടെങ്കിലും പാലക്കാട് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ തർക്കങ്ങളില്ലാതെ പുതിയ സാരഥിയുണ്ടാവുമെന്ന് ബി.ജെ.പി നേതൃത്വം. ബി.ജെ.പി അംഗങ്ങൾക്കിടയിലെ ഭിന്നത നേരിയ പ്രതീക്ഷ നൽകുന്നതായി യുഡിഎഫ്. ഒരു കൈ നോക്കാനുറച്ച് സി.പി.എമ്മും നാളത്തെ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്.

ഇരുപത്തി എട്ടുപേരും ഒരേ മനസോടെ ചിന്തിച്ചാൽ ബിജെപിക്ക് പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രതിസന്ധിയാവില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ പ്രിയ അജയന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവച്ചെന്ന് പറയുമ്പോഴും പാര്‍ട്ടിയിലെ ഭിന്നതയെന്ന സംശയം ബാക്കിയാണ്. ബിജെപി ഭരണത്തിലുള്ള നഗരസഭയിൽ പാർട്ടി നേതൃത്വം ഇതുവരെ അധ്യക്ഷ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ നടപ്പാക്കിയ പരീക്ഷണം പാളിയതിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പരിചയസമ്പന്നത, പുതുമുഖം എന്നിങ്ങനെ വിവിധ പേരുകൾ പ്രചരിക്കുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വമായിരിക്കും അന്തിമമായി സ്ഥാനാർഥിയെ തീരുമാനിക്കുക. 

അംഗബലത്തിൽ അൽപം പിന്നിലാണെങ്കിലും ബിജെപിയിലെ ഭിന്നത മുതലാക്കാനാവുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. കോണ്‍ഗ്രസിലെ മിനി ബാബുവാണ് സ്ഥാനാര്‍ഥി. അഴിമതിയും വികസന മുരടിപ്പും നിരന്തരം ഉന്നയിച്ചതിനാലാണ് ചെയര്‍പേഴ്സന് രാജി വയ്ക്കേണ്ടി വന്നതെന്നും ഡിസിസി അധ്യക്ഷന്‍. സിപിഎം സ്ഥാനാർഥിയായി ഉഷാ രാമചന്ദ്രൻ മത്സരിക്കും. അന്‍പത്തി രണ്ടംഗ ഭരണസമിതിയില്‍ ബിജെപി ഇരുപത്തി എട്ട്. യുഡിഎഫ് പതിനാറ്, സിപിഎം ഏഴ്, വെല്‍ഫയര്‍ പാര്‍ട്ടി ഒന്ന് എന്നതാണ് കക്ഷിനില. 

palakkad muncipality chairperson election