എൻഡോസൾഫാൻ ദുരിതബാധിതനായ മകന് മരുന്നുവാങ്ങാൻ പോലും കഷ്ടപ്പെടുകയാണ് കാസർകോട് ചെമ്മനാട് സ്വദേശി ഗീത. 2017 മെഡിക്കൽ ക്യാംപിൽ ദുരിതബാധിതരെന്ന് കണ്ടെത്തിയിട്ടും ഗീതയുടെ മകൻ ഉൾപ്പെടെ 1031 പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. പലതവണ പരാതി നൽകിയിട്ടും ഫലമില്ലാതായതോടെ സമരവുമായി തെരുവിലേക്ക് ഇറങ്ങുകയാണ് ദുരിതബാധിതരുടെ അമ്മമാർ.  

26 വർഷത്തെ കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കഥകൾ പറയാനുണ്ട് ഗീതയ്ക്ക്. കരഞ്ഞു കരഞ്ഞ് കണ്ണീർ പോലും വറ്റി. അഖിലിന്റെ ഒരു മാസത്തെ മരുന്നിന് മാത്രം 5000 രൂപ വേണം. മൂന്ന് മാസമായി പെൻഷൻ ലഭിച്ചിട്ട്. തൊഴിലുറപ്പ് ജോലിചെയ്താണ് ഗീത ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. വിദ്യാർഥിയായ ഇളയമകനും ജോലിക്ക് പോകുന്നു. എത്രകാലം ഇങ്ങനെ മുന്നോട്ട് പോകുമെന്നറിയില്ല.

അഖിലിനെ പോലെ ആയിരത്തിലേറെ എൻഡോസൾഫാൻ ഇരകളാണ് പട്ടികയിൽ നിന്ന് പുറത്തായത്. പട്ടികയിൽ ഉൾപ്പെട്ടവരുടെ സൗജന്യ ചികിത്സയും മരുന്നു വിതരണവും നിലച്ചിട്ട് മാസങ്ങളായി. രണ്ടുമാസം കൂടുമ്പോൾ ചേരേണ്ട എൻഡോസൾഫാൻ സെൽ യോഗം ഒരു വർഷമായി നടന്നിട്ടില്ല. ഇതോടെയാണ് ഇന്നുമുതൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമരമാരംഭിക്കാൻ തീരുമാനിച്ചത്.

Geeta is struggling to buy medicine for her son who is suffering from endosulfan