TAGS

അട്ടപ്പാടിയിലെ മേലെ മൂലക്കൊമ്പ് ഗോത്ര ഊരില്‍ 18 വയസുതികഞ്ഞ എല്ലാവരും ഇനി വോട്ടുചെയ്യും. അഗളി IHRD കോളജ് ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തില്‍, ഊരിനെ ദത്തെടുത്ത് നടത്തിയ പ്രവര്‍ത്തനമാണ് മൂലക്കൊമ്പിനെ സമ്പൂർണ്ണ വോട്ടര്‍ ഊരാക്കി മാറ്റിയത്.

നാല് പ്രാക്തന ഗോത്ര ഊരുകളായ മേലെ ഇടവാണി, മേലെ മൂലകൊമ്പ്, മേലെ ഭൂതയാർ, സ്വർണ്ണഗദ എന്നിവയെ ദത്തെടുത്ത് പ്രവർത്തനം തുടങ്ങി. മേലേ മൂലക്കൊമ്പ്, നടു മൂലക്കൊമ്പ്, സ്വർണ്ണഗദ എന്നീ ഊരുകളിൽ ചുനാവ് പാഠശാല, വോട്ടർ രജിസ്ട്രേഷൻ, തെറ്റ് തിരുത്തൽ, അപ്ഡേഷൻ എന്നിവ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ഊരുകാരുടെ സ്വന്തം കുറുമ്പ ഭാഷയിൽ ചുനാവ് പാഠശാല നൽകി. മേലേ മൂലക്കൊമ്പ് ഊരിലെ 18 വയസ്സായ മുഴുവൻ ആളുകളെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് സമ്പൂർണ പ്രാക്തന ഗോത്ര വോട്ടർ ഊരാക്കി മാറ്റി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ ഊരുകളിൽ നൂറ് ശതമാനം വോട്ട് ഉറപ്പാക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. 

പ്രിൻസിപ്പൽ ജെ.ആർ സാജന്റെ നേതൃത്വത്തിലായിരുന്നു കര്‍മപദ്ധതി. തെരഞ്ഞെടുപ്പ് ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥന്‍മാരും വിദ്യാര്‍ഥികളെ സഹായിക്കാന്‍ വിവിധഘട്ടങ്ങളില്‍ ഊരുകളിലെത്തിയിരുന്നു.