അട്ടപ്പാടി നെല്ലിപ്പതിയില്‍ ചന്ദനം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ നാലുപേര്‍ അറസ്റ്റില്‍. മുറിച്ചെടുത്ത ചന്ദനവും കടത്താനെത്തിച്ച പിക്കപ്പ് വാനും ബൈക്കും വനപാലകസംഘം പിടികൂടി. ഓടിരക്ഷപ്പെട്ട അഞ്ചാമനെ കണ്ടെത്താന്‍ ശ്രമം തുടങ്ങി.
വനത്തിനോട് ചേര്‍ന്ന് പിക്കപ്പ് വാന്‍ നിര്‍ത്തിയിട്ടിരുന്നതിലാണ് സംശയം തുടങ്ങിയത്. വനപാലകരുടെ പരിശോധനയില്‍ വാഹനത്തിനുള്ളില്‍ ചന്ദനമെന്ന് തെളിഞ്ഞു. പിന്നാലെ വാഹനത്തിന് സമീപമുണ്ടായിരുന്ന നാലുപേരെയും ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തി. അഗളി മേലെ ഈരിലെ സതീഷ്, നെല്ലിപ്പതി ഊരിലെ ശിവന്‍, മഞ്ചേരി സ്വദേശികളായ സര്‍ഫുദ്ദീന്‍, ജാഫീര്‍ അലി എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. ചന്ദനം മുറിച്ച് വാഹനത്തിലേക്ക് മാറ്റുന്നവരും കൊണ്ടുപോവാനെത്തിയവരുമാണ് പിടിയിലായത്. വാഹനങ്ങളും ആയുധവും കസ്റ്റഡിയിലെടുത്തു.
അഗളി റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ ഗൂളിക്കടവ് സെക്ഷന്‍ സ്റ്റാഫുകളുടെ സഹായത്തോടെയാണ് നാലുപേരെയും പിടികൂടിയത്. വനത്തിലെയും വനാതിര്‍ത്തിയിലെയും ചന്ദനം സംഘം ലക്ഷ്യമിട്ടിരുന്നുവെന്നാണ് വിവരം. നാലുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.