സ്ഥിരമായെത്തുന്ന മാവോയിസ്റ്റുകള്‍ക്കു പുറമേ കുഴി ബോംബുകൂടി കണ്ടെത്തിയതോടെ കടുത്ത ആശങ്കയിലാണ് വയനാട് തലപ്പുഴ മക്കിമലയിലേയും കമ്പമലയിലേയും ജനങ്ങള്‍. നേരം ഇരുട്ടായാല്‍ ഭയമാണെന്നും പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയായെന്നും പ്രദേശവാസികള്‍ പറയുന്നു.
തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാവശ്യപ്പെട്ട് ഏപ്രില്‍ 24നാണ് അവസാനമായി മാവോയിസ്റ്റുകള്‍ തലപ്പുഴ മക്കിമലയിലും സമീപത്തെ കമ്പമലയിലും എത്തിയത്. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഈ മേഖലയില്‍ ഏറ്റുമുട്ടലുമുണ്ടായി. മാവോയിസ്റ്റ് ഭീതി ശക്തമായിരിക്കെയാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് കുഴി ബോംബുകള്‍ കൂടി കണ്ടെത്തിയത്. ഇതോടെ ആശങ്ക ഇരട്ടിയായി
പ്രദേശവാസികള്‍ സഞ്ചരിക്കുന്ന പാതയിലാണ് കുഴി ബോംബുകള്‍ കണ്ടെത്തിയത്. പൊലീസും തണ്ടര്‍ബോള്‍ട്ടും നിരന്തരം പട്രോളിങ് നടത്തുന്ന മേഖലയായിട്ടും പ്രദേശത്ത് ബോംബ് സ്ഥാപിക്കാനായെങ്കില്‍ തങ്ങളുടെ സുരക്ഷയ്‌ക്ക് എന്തുറപ്പാണുള്ളതെന്നാണ് നാട്ടുകാരുടെ ചോദ്യം.
തോട്ടങ്ങളില്‍ ജോലിക്കു പോകുന്നവരാണ് പ്രധാനമായും പ്രതിസന്ധിയിലായത്. ഇനിയും ബോംബുണ്ടാകുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. ഒപ്പം ആക്രമണങ്ങളോ മറ്റോ ഉണ്ടാകുമോയെന്ന ഭീതിയും. ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.