കോഴിക്കോട് പൂളാടിക്കുന്നിലെ ജല അതോറിറ്റിയുടെ  കാലപ്പഴക്കം ചെന്ന് ദ്രവിച്ച ജലസംഭരണി നിലം പതിക്കാറായ അവസ്ഥയില്‍. സംഭരണിക്ക് സമീപത്തായി വീടുകളും വിദ്യാലയവുമുള്ളത് ആശങ്ക ഇരട്ടിയാക്കുന്നു. പലതവണ പരാതി നല്‍കിയിട്ടും ജല അതോറിറ്റിക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. 

തൂണുകള്‍ ദ്രവിച്ച് പുറത്തുവന്ന കമ്പികള്‍, വിള്ളല്‍ വീണ കോണ്‍ക്രീറ്റ് ചുവരുകള്‍, കാടുപിടിച്ച പ്രദേശം. ഇതാണ് 40 വര്‍ഷം പഴക്കമുള്ള ജലസംഭരണിയുടെ നിലവിലെ അവസ്ഥ. ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാകട്ടെ സമീപത്തെ കൊച്ചു കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ്. 

പ‌ുറക്കാട്ടിരി ചീര്‍പ്പില്‍ നിന്ന് വെള്ളം ശേഖരിച്ച് എലത്തൂര്‍ പഞ്ചായത്തില്‍ വിതരണം ചെയ്യുന്നതിനായി നിര്‍മിച്ചതാണിത്. അഞ്ച് ലക്ഷം ലീറ്ററാണ് സംഭരണശേഷി. അപകട സാധ്യത ചൂണ്ടിക്കാണിക്കുമ്പോള്‍ ഇപ്പോള്‍ വെള്ളം സംഭരിക്കുന്നില്ല എന്നതാണ് ന്യായീകരണം.

ENGLISH SUMMARY:

Water tank may fall down in Pooladikkunnu soon.