wayand-onam

ഉരുൾപൊട്ടൽ മഹാ ദുരന്തത്തിന്റ 49ാം ദിവസമാണിന്ന്. നാട് വലിയ ഓണത്തിരക്കിലമരുമ്പോഴും മുണ്ടകൈയും ചൂരൽമലയും നോവായി തന്നെ അവശേഷിക്കുന്നുണ്ട്. അന്ന് ഓണം ഉൽസമാക്കിയിരുന്ന മുണ്ടകൈക്കാർക്കും ചൂരൽമലക്കാർക്കും ഇന്ന് ഓണമോ, ആഘോഷമോ ഇല്ല.

കഴിഞ്ഞ വർഷം വരെ ഓണക്കാലം ഉൽസവമാക്കിയിരുന്ന നാട്. മുണ്ടകൈയും ചൂരൽമലയും. അന്നത്തെ ദൃശ്യമാണിത്.

വീണ്ടുമൊരു ഓണ നാൾ വരുമ്പോൾ ആ നാട് തന്നെ ശൂന്യം. ഒന്നിച്ചിരുന്ന് പൂക്കളമിട്ട, സദ്യ ഉണ്ട ഇടം ഇന്ന് കല്ലും ചെളിയും മൂടി കിടപ്പുണ്ട്. സ്വർഗം പോലൊരു നാട്ടിലെ ഓണവിശേഷത്തെ പറ്റി ചോദിച്ചാൽ ഇവർ ഇങ്ങനെ പറഞ്ഞു തരും 

ജാതി മത വ്യതാസമില്ലാതെ എല്ലാവരും ഒരുമിച്ചാഘോഷിക്കും. വെള്ളാർമല സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേക മത്സരങ്ങളുണ്ടാകും. അത്തം മുതൽ തുടങ്ങുന്ന ആവേശം തിരുവോണം കഴിയുന്നത് വരെയുണ്ടാകും. 

ഈ തിരുവോണ നാളിൽ പക്ഷെ നോവാണ് ബാക്കി. ദുരന്തത്തെ അതിജീവിച്ചവർ, അന്ന് ഒരുമിച്ച് ഓണം ആഘോഷിച്ചവർ ഇന്ന് പലനാടുകളിലായി വാടക വീടുകളിലാണ്. ആർക്കും ഓണമില്ല, ആഘോഷമില്ല. ഒരേയൊരു ആവശ്യം മാത്രമേയൊള്ളൂ 

അടുത്ത ഓണത്തിന് മുമ്പ് ആ പഴയ ചൂരൽമലയും മുണ്ടക്കൈയും പുനർനിർമിക്കണം. അന്നത്തെ പോലെ ഒരുമിച്ച് കഴിയണം. ആ സന്തോഷത്തിലേക്ക് മാവേലി തമ്പുരാനെ ക്ഷണിക്കണം. എല്ലാ ആഘോഷക്കാലത്തും ഈ മനുഷ്യരെ ചേർത്ത് പിടിക്കാം.

ENGLISH SUMMARY:

49th Day Of Wayanad Disaster