കോഴിക്കോട് പെരുമണ്ണയില്‍ തീപിടിച്ച് ആക്രി ഗോഡൗണ്‍ മുഴുവനായും കത്തി നശിച്ചു. 15 ലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തിന്‍റ കാരണം വ്യക്തമായിട്ടില്ല.
പെരുമണ്ണ ജംക്ഷന് സമീപത്ത് പ്രവർത്തിക്കുന്ന ആക്രി ഗോഡൗണില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീയും പുകയും ഉയരുന്നത്. പ്രദേശവാസികള്‍ വിവരമറിഞ്ഞ് അഗ്നിശമനസേനയെ വിവരമറിയിക്കുമ്പോഴേക്കും ഗോഡൗണൊന്നാകെ കത്തി തുടങ്ങി. വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏഴ് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഗോഡൗണിന് സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തീ കത്തുന്നത് കണ്ട് ഭയന്ന് സമീപത്തെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ അതിഥി തൊഴിലാളിക്കും നേരിയ പരുക്കുണ്ട്.