കോഴിക്കോട് കൊടുവള്ളിയിലെ റെസിഡന്‍ഷ്യല്‍ ഐടിഐ ഒന്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍. പരിമിതികള്‍ക്കുള്ളിലിരുന്ന് പഠിക്കുന്നത് 48 വിദ്യാര്‍ഥികളാണ്. ഐടിഐയ്ക്കായി സ്വകാര്യവ്യക്തിയില്‍ നിന്ന് കൊടുവള്ളി നഗരസഭ സ്ഥലം ഏറ്റെടുത്തെങ്കിലും സര്‍ക്കാരിന്‍റെ തുടര്‍നടപടി വൈകുകയാണ്.
സംസ്ഥാനത്തെ വ്യവസായ പരിശീലന വകുപ്പിന് കീഴിലുള്ള ഏക റെസിഡന്‍ഷ്യല്‍ ഐടിഐയുടെ അവസ്ഥയാണിത്. രണ്ടാം നിലയിലെ വാടക കെട്ടിടത്തിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡ്രാഫ്റ്റ്മാന്‍ സിവില്‍ എന്ന രണ്ടുവര്‍ഷ കോഴ്സിലായി 48 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
2022ല്‍ വാവാട് വില്ലേജിലെ കണ്ടാമലയില്‍ ഒരേക്കര്‍ പത്ത് സെന്‍റ് സ്ഥലം സ്വകാര്യ വ്യക്തിയില്‍ നിന്ന് നഗരസഭ വാങ്ങിയിരുന്നു. എന്നാല്‍ സര്‍ക്കാരിനെ രേഖാമൂലം സ്ഥലം കൈമാറുന്ന നടപടി രണ്ട് വര്‍ഷമായിട്ടും പൂര്‍ത്തിയായില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് താമസിച്ചുകൊണ്ട് പഠിക്കുകയെന്ന ലക്ഷ്യത്തില്‍ തുടങ്ങിയതാണ് ഐടിഐ. ക്ലാസുകള്‍ വാടകകെട്ടിടത്തിലായതോടെ താമസത്തിന്‍റെ കാര്യവും അനിശ്ചിതത്വത്തിലായി.