മണ്ണുമാന്തിയുമായി മണ്ണ് നീക്കാനെത്തിയ തൊഴിലാളിക്ക് കൂലിയായി കിട്ടിയത് ലക്ഷങ്ങളുടെ പിഴ. ചെറുവത്തൂര്‍ കൈതക്കാട് താമസിക്കുന്ന തമിഴ്‌നാട് ഈറോഡ് സ്വദേശി എന്‍.തങ്കരാജിനാണ് ജോലിക്കായെത്തി പണി കിട്ടിയത്. ലക്ഷങ്ങൾ പിഴയടച്ചാൽ മാത്രമേ മണ്ണുമാന്തി യന്ത്രം വിട്ടുകിട്ടൂ. ഒന്നര വര്‍ഷമായി ചന്തേര പൊലീസ് സ്‌റ്റേഷന് മുന്നിൽ കാടുമൂടി കിടക്കുകയാണ് തങ്കരാജിന്റെ മണ്ണ് മാന്തിയന്ത്രം.
കഴിഞ്ഞവർഷം ജൂണിലാണ് കബർസ്ഥാനിലെ മണ്ണിടിയുന്നത് തടയാൻ അരിക് മണ്ണിട്ട് ബലപ്പെടുത്താനായി പടന്ന ഗണേഷ് മുക്കിലെ പള്ളി കമ്മിറ്റി ഭാരവാഹികൾ തങ്കരാജിനെ ജോലിക്ക് വിളിച്ചത്. ഖബർസ്ഥനോട് ചേർന്ന വയലിലെ നിക്ഷേപിച്ച മണ്ണ് നികത്തണമെന്നായിരുന്നു ആവശ്യം.
ജോലിക്കിടെ സ്ഥലത്തെത്തിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് തങ്കരാജിനെ തടഞ്ഞു. തണ്ണീർതടസംരക്ഷണ നിയമപ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ വയൽ നികത്തി എന്നതായിരുന്നു ഇയാൾക്കെതിരായ കുറ്റം.
പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം വിട്ടുകിട്ടാൻ 45 ലക്ഷം രൂപ പിഴയടക്കണം. മറ്റൊരു മണ്ണ് മാന്തി യന്ത്രം വാടകയ്ക്ക് എടുത്ത് കുടുംബം പോറ്റുകയാണ് തങ്കരാജ്. സ്ഥലം വിറ്റാണ് ഇതുവരെ വാഹനത്തിന്റെ വായ്പയടച്ചത്. ഇപ്പോൾ രണ്ടുമാസത്തെ കുടിശ്ശികയുണ്ട്. എന്നാൽ നികത്തിയത് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി അല്ലെന്നാണ് പള്ളിക്കമ്മിറ്റി പറയുന്നത്. തങ്ങൾക്കും തങ്കരാജിനും നീതി കിട്ടാനായി കോടതിയെ സമീപിച്ചിരിക്കുകയാണ് പള്ളിക്കമ്മിറ്റി ഭാരവാഹികൾ.