കണ്ണൂര്‍ കണ്ണവം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവതി സിന്ധു ഇപ്പോഴും കാണാമറയത്ത്. ഉള്‍വനത്തിലടക്കം പലതവണ തിരഞ്ഞിട്ടും സിന്ധുവിനെ കണ്ടെത്താനായില്ല. ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെ തിരച്ചില്‍ ഊര്‍ജിതമാക്കാനാണ് പുതിയ തീരുമാനം. അതേസമയം, കാടിന് പുറത്തേക്ക് സിന്ധു പോയിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുകയാണ്.
പൊതുവെ അധികം പേരോട് സംസാരിക്കാത്ത, ഒറ്റയ്ക്ക് കാട്ടില്‍പോകുന്ന, ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം കാട്ടിനുള്ളില്‍ തന്നെ കഴിയുന്ന പ്രകൃതമാണ് സിന്ധുവിന്. വനത്തില്‍ നിന്ന് തിരികെ വരാതായപ്പോഴും അങ്ങനെ കരുതി ബന്ധുക്കള്‍. പിന്നീട് ആശങ്കയായി. അതോടെയാണ് തിരച്ചില്‍ തുടങ്ങിയത്. ഇന്നേക്ക് സിന്ധുവിനെ കാണാതായിട്ട് 19 ദിവസമായി.
നിറയെ വന്യമൃഗങ്ങളുള്ള കാടാണ്. അതേസമയം, സുരക്ഷിതമായി ഇരിയ്ക്കാനുള്ള താവളങ്ങളും കാടിനുള്ളിലുണ്ടത്രേ. അതിനാല്‍, ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്.
വനം വകുപ്പും, പൊലീസും, നാട്ടുകാരും വിവിധ സംഘങ്ങളായാണ് ഉള്‍ക്കാടുകളില്‍ വരെ ചെന്ന് പരിശോധിക്കുന്നത്. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചും തിരച്ചില്‍ തുടരാനാണ് ജനപ്രതിനിധികള്‍ അടക്കം പങ്കെടുത്ത യോഗത്തിലെ തീരുമാനം.
കണ്ണവം വനത്തിന്‍റെ എതിര്‍ദിശയിലൂടെയും പരിശോധിക്കും. ഇതിന് പുറമേയാണ്, വനത്തിന് പുറത്തേക്കുള്ള പരിശോധനകള്‍. മാനസിക വെല്ലുവിളിയുള്ള സിന്ധു കാട്ടിലേക്കല്ലാതെ ടൗണിലേക്കോ മറ്റോ ഒറ്റയ്ക്ക് പോകില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എങ്കിലും വിവിധയിടങ്ങളിലെ സിസിടിവി ക്യാമറകള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.