ഡോക്ടര്‍ കോണ്‍ഫറന്‍സിനായി ചുരമിറങ്ങിയാല്‍ ഒ.പി മുടക്കമെന്ന ബോര്‍ഡ് തൂങ്ങും. നെഞ്ചുവേദനയോ, അപകടമോ ഉണ്ടായാലും ചികില്‍സയില്ലാത്ത സ്ഥിതിയുണ്ടാവും.ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ഏക ആശ്രയമായ പാലക്കാട് നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒ.പി.മുടക്കം പതിവാകുന്നുവെന്ന് പരാതി.
ഡോക്ടര്‍ അകത്തില്ല. പുറത്തുമില്ല. കോണ്‍ഫറന്‍സിന് പോയതിനാല്‍ രോഗികള്‍ പരിശോധനയ്ക്കായി ഇന്ന് വരേണ്ടതില്ല. നാളെ വന്നാല്‍ മതി. യോഗം നിശ്ചയിച്ചിട്ടില്ലെങ്കില്‍ ഡോക്ടറെ കാണാം. അല്ലെങ്കില്‍ അതേ വേഗത്തില്‍ മടങ്ങാം. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറില്ലാത്ത സാഹചര്യത്തില്‍ രോഗികളാകെ ദുരിതത്തിലാണ്. നെഞ്ചുവേദന ഉള്‍പ്പെടെ അനുഭവപ്പെടുന്നവര്‍ക്ക് ചുരമിറങ്ങി നെന്മാറയിലെത്തിയാല്‍ മാത്രം പരിശോധന. ചുരമിറങ്ങി താഴെയെത്തുമ്പോള്‍ രോഗിയുടെ ആരോഗ്യവും വഷളാവും. ഈ ദുരിതം തുടങ്ങിയിട്ട് നാളുകളേറെയായി. അടുത്തകാലത്തൊന്നും തീരാനിടയില്ലെന്ന് പരാതി.
തോട്ടം തൊഴിലാളികളും, ആദിവാസികളും മാത്രമല്ല. കേരളത്തിന് പുറത്ത് നിന്നും നെല്ലിയാമ്പതി കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ ആശ്രയിക്കുന്ന ഏക ആതുരാലയവും ഈ പ്രാഥമികാരോഗ്യ കേന്ദ്രമാണ്. ഡോക്ടറില്ലെങ്കില്‍ ബദല്‍ സംവിധാനമൊരുക്കാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ലെന്നതാണ് നാണക്കേടുണ്ടാക്കുന്നത്. പറഞ്ഞും നിവേദനം നല്‍കിയും സമരമുഖത്തിറങ്ങിയും പ്രതിഷേധം രേഖപ്പെടുത്തിയ ജനപ്രതിനിധികള്‍ പരിഹാരമാര്‍ഗത്തിന് ഏത് വഴി നീങ്ങണമെന്ന സംശയത്തിലാണ്.