ലക്ഷങ്ങള്‍ ചിലവിട്ട് കുടിവെള്ള സംഭരണത്തിനായി നിര്‍മിച്ച ടാങ്ക് ഇന്ന് കൊതുകുതാവളം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ മഴവെള്ള സംഭരണിയാണ് കൊതുക് സംഭരണിയായി മാറിയത്. സംഭരണിയില്‍ അറ്റകുറ്റപ്പണിയോ അല്ലെങ്കില്‍ സ്ഥലം മറ്റാവശ്യത്തിനോ ഉപയോഗിക്കണമെന്നാണ് ഉയരുന്ന ആവശ്യം
മെഡിക്കല്‍ കോളജിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുണ്ടാക്കിയ ടാങ്കിന് നിര്‍മാണ ചിലവ് 50 ലക്ഷം രൂപ. ലക്ഷങ്ങള്‍ ചിലവിട്ട് െകാതുകിന് വാസസ്ഥലമൊരുക്കിയ പോലെയാണിപ്പോള്‍ ഇതിന്‍റെ അവസ്ഥ. ഡെങ്കിപ്പനി അടക്കം മാരക രോഗങ്ങള്‍ പടരുമ്പോഴാണ് ആശുപത്രി തന്നെ രോഗവാഹര്‍ക്ക് ഇടം കൊടുക്കുന്നത്.
എംവി രാഘവന്‍ മെഡിക്കല്‍ കോളജ് ചെയര്‍മാനായിരിക്കെയായിരുന്നു സംഭരണി നിര്‍മിച്ചത്. ദേശീയപാതയോരത്തെ ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് സംഭരണി. ഒരുകോടി ലീറ്റര്‍ ജലം സംഭരിക്കാം. എന്നാല്‍ പണ്ട് മുതല്‍ അവഗണനയാണ് ഈ ടാങ്കിനോട്. തുടക്കത്തില്‍ തന്നെ കോണ്‍ക്രീറ്റ് പിളര്‍ന്ന് വെള്ളം ഭൂമിയിലേക്ക് താഴ്ന്നിരുന്നു. പോളിത്തീന്‍ കവറുകൊണ്ട് സംരക്ഷണമൊരുക്കിയെങ്കിലും വീണ്ടും വെള്ളം ചോര്‍ന്നു. പിന്നെപ്പിന്നെ ആരും തിരിഞ്ഞുനോക്കാതായി. അങ്ങനെ കൊതുകുകള്‍ക്കൊരു ആഢംബര വീടായി.