കണ്ണൂര്‍ കക്കാട് വന്‍തുക ചിലവിട്ട് സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍മിച്ച അത്യാധുനിക സ്വിമ്മിങ് പൂള്‍ ഇന്ന് കാലിത്തൊഴുത്തിന് തുല്യം. അധികൃതര്‍ തിരിഞ്ഞുനോക്കാതെ നശിച്ച പൂളും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ്. 

2018 ല്‍ അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നീന്തല്‍കുളം തുറന്നുകൊടുക്കുമ്പോള്‍ പുതുപുത്തനായിരുന്നു. ആരുമൊന്ന് മുങ്ങിക്കുളിക്കാന്‍ കൊതിക്കുന്ന വിധത്തില്‍. എന്നാല്‍ അതേവര്‍ഷത്തെ പ്രളയം പൂളിനെ മുക്കിക്കളഞ്ഞതോടെ തുടങ്ങി ദുരിതം. ഇതിനിടെ നന്നാക്കാനുള്ള ശ്രമമൊക്കെ തുടങ്ങിയെങ്കിലും അതും ഫലം കണ്ടില്ല. ഒടുവില്‍ ഇന്നിത് കൊതുകുകളുടെയും കൂത്താടികളുടെയും കേന്ദ്രം. കാലികള്‍ക്ക് മേയാനൊരിടം. സാമൂഹ്യവിരുദ്ധര്‍ക്ക് ആരും എത്തിനോക്കില്ലെന്ന് ഉറപ്പുള്ളൊരു പറമ്പ്. 

സ്പോർട്സ് കൗൺസിലിന്റെ അധീനതയിലുള്ള 94 സെന്റ് സ്ഥലത്ത് 1.04 കോടി രൂപ ചെലവിട്ടാണ് കുളവും കോംപ്ലക്സും നിർമിച്ചത്. 25 മീറ്റർ നീളവും 12.5 മീറ്റർ വീതിയുമുള്ള പൂളിന് 6 ട്രാക്കുണ്ട്. രാത്രിയിലും നീന്തൽ പരിശീലിക്കാവുന്ന വിധത്തിലുള്ളതായിരുന്നു ക്രമീകരണം. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിനായിരുന്നു പൂള്‍ നിര്‍മിച്ചിരുന്നത്. 

ENGLISH SUMMARY:

Kannur sports council swimming pool issue