well-driedup

TOPICS COVERED

ഒറ്റ രാത്രി കൊണ്ട് ഒരു കിണറിലെ വെള്ളം മുഴുവന്‍ അപ്രത്യക്ഷമായി. കിണറിനുള്ളിലെ കുഴല്‍കിണറ്റിലും സമാനസ്ഥിതി. സംഭവം എങ്ങനെയെന്ന് അറിയാതെ അമ്പരന്നിരിക്കുകയാണ് ഒരു നാട്. കണ്ണൂര്‍ ചെറുപുഴ വയലായിലെ പുറവക്കാട്ട് സണ്ണിയുടെ കിണറ്റിലാണ് അത്ഭുത പ്രതിഭാസം.

നാല്‍പത് അടി ആഴമുള്ള കിണര്‍. അതിനടിയില്‍ 150 അടി ആഴമുള്ള കുഴല്‍കിണര്‍. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഇതിലുണ്ടായിരുന്ന വെള്ളം മുഴുവന്‍ എങ്ങോട്ടുപോയി. ഈ ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുകയാണ് പുറവക്കാട്ട് സണ്ണിയും നാട്ടുകാരും. 20 വര്‍ഷമായി മഴക്കാലത്ത് നിറഞ്ഞുനില്‍ക്കാറുള്ള കിണറിലാണ് അത്ഭുത പ്രതിഭാസം. കഴിഞ്ഞ ദിവസം രാവിലെ വെള്ളം കോരാനെത്തിയപ്പോഴാണ് കിണര്‍ വറ്റിക്കിടക്കുന്നത് കാണുന്നത്. അടുത്തുള്ള മറ്റൊരു കിണറിനും ഒരു കുഴപ്പവുമില്ല. 

Also Read; ശബരിമല വിമാനത്താവളം: സാമൂഹികാഘാത പഠനത്തിന് തുടക്കം

'തലേ ദിവസം വെള്ളമുണ്ടായിരുന്നു. എന്താ പറ്റിയതെന്ന് അറിയില്ല. കിണറ്റിലെ വെള്ളം വേനലില്‍ വറ്റും. പക്ഷേ, കുഴല്‍കിണറില്‍ വെള്ളമുണ്ടാകാറുണ്ട്...’ സണ്ണി പറഞ്ഞു.

വെള്ളം വറ്റിയതോടെ സമീപവാസിയുടെ കിണറില്‍ നിന്ന് പമ്പ് ചെയ്ത് നോക്കി. ആ വെള്ളവും മണിക്കൂറുകള്‍കൊണ്ട് അപ്രത്യക്ഷമായി. ജിയോളജി വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കം കേട്ടിരുന്നുവെന്നും അതും കിണറ്റിലെ പ്രതിഭാസവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.

ENGLISH SUMMARY:

In a surprising incident, all the water from a well disappeared overnight in Puravakkad, near Cherupuzha, Kannur. A similar situation has been observed in the borewell as well. The community is baffled and puzzled, trying to understand how such a phenomenon could occur.