TOPICS COVERED

കണ്ണൂരിൽ ഉൾനാടൻ ജലഗതാഗത പദ്ധതിക്ക് വേണ്ടി പുഴയിൽ നിന്നും മണൽ വാരുന്നത് കുടിവെള്ളക്ഷാമത്തിന് കാരണമാകുമെന്ന് നാട്ടുകാർ. പദ്ധതിക്കെതിരെ നാട്ടുകാർ കുത്തിയിരിപ്പ് സമരം നടത്തി. മുഴപ്പിലങ്ങാട് കുടിവെള്ള സംരക്ഷണ കർമ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം.  

അഞ്ചരക്കണ്ടി പുഴയിൽ ധർമടം മുതൽ മമ്പറം വരെ ബോട്ട് ചാൽ നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മണൽ നീക്കം ചെയ്യാൻ തീരുമാനിച്ചത്. പുഴയിൽ നിന്ന് മണൽ വാരാൻ യന്ത്രങ്ങളുമായി കഴിഞ്ഞ ദിവസം അധികൃതർ എത്തിയിരുന്നു. എന്നാൽ മണലൂറ്റുന്നത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പറഞ്ഞ് നാട്ടുകാർ തടഞ്ഞു. പുഴയിൽ നിന്ന് ആഴത്തിൽ മണലൂറ്റിയാൽ സമീപത്തെ കിണറുകളിലെ വെള്ളം പൂർണമായും ഉപയോഗശൂന്യമാകുമെന്നാണ് ആശങ്ക. ചർച്ച നടത്തിയിട്ടും ഈ കാര്യങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ അധികൃതർക്കാവുന്നില്ലെന്നാണ് ആരോപണം.

സാമൂഹികാഘാത പഠനം നടത്താതെ പുഴയിൽനിന്ന് മണൽ വാരുന്നത് തുടർന്നാൽ തടയുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജനങ്ങളുടെ ആശങ്ക അധികൃതർ പരിഹരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം.

ENGLISH SUMMARY:

Residents in Kannur fear that sand dredging from the river for the inland water transport project will lead to a drinking water shortage. Protesters, led by the Muzhappilangad Drinking Water Conservation Committee, staged a sit-in against the project.