കോഴിക്കോട് മേപ്പയൂരില്‍ ക്വാറിക്കെതിരായ ജനകീയ സമരം കാണാനെത്തിയ 15 വയസുകാരനെ പ്രതിചേര്‍ത്ത് പൊലീസ്. ബുധനാഴ്ച കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്‍പാകെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പിതാവിന് നോട്ടീസ് നല്‍കി. പൊലീസ് കുട്ടിയെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു.
കഴിഞ്ഞമാസം നാലിനാണ് പുറക്കാമലയിലെ ഖനനത്തിനെതിരെയുള്ള ജനകീയ സമരം കാണാന്‍ എത്തിയ പത്താം ക്ലാസുകാരനോട് പൊലീസ് ക്രൂരമായി പെരുമാറിയത്.പിടിവലിയില്‍ കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. പൊലീസ് നടപടിക്കെതിരെ കുടുംബം മുഖ്യമന്ത്രിക്കും ശിശുക്ഷേമ സമിതിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റ പ്രതികാരമായാണ് ഇപ്പോള്‍ കേസെടുത്തതെന്നാണ് കുടുംബത്തിന്റ ആരോപണം.
എന്നാല്‍ കസ്റ്റഡിയിലെടുത്ത ഒരാള്‍ക്കെതിരെ സ്വീകരിക്കുന്ന സ്വഭാവിക നടപടിയാണ് നോട്ടീസെന്നാണ് പൊലീസിന്‍റെ വിശദീകരണം. കുട്ടി പത്താംക്ലാസ് പരീക്ഷ എഴുതുന്നതുകൊണ്ടാണ് ഇതുവരെ നൊട്ടീസ് നല്‍കാതിരുന്നത്. സമരസ്ഥലത്തേക്ക് കുട്ടിയെ പിതാവ് മനപൂർവം എത്തിച്ചതാണെന്നും പൊലീസ് പറയുന്നു. കുടുംബത്തിന്‍റെ പരാതിയില്‍ രക്ഷിതാക്കളുടേയും കുട്ടിയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം നടപടി എടുക്കുമെന്ന് ശിശുക്ഷേമ സമിതിയും വ്യക്തമാക്കി.