കാലും ചിറകും തളർന്ന പരുക്കേറ്റ മയിലുകൾക്ക് പുതുജീവൻ. കണ്ണൂരിലെ വനം വകുപ്പിന്റെ റെസ്ക്യൂ അംഗത്തിന്റെ പരിപാലനത്തിലാണ് പൂർണ്ണ ആരോഗ്യത്തോടെ മയിലുകളെ കാട്ടിലേക്ക് തുറന്നുവിടാന്‍ സാധിച്ചത്. ഒരു ആൺ മയിലും പെൺ മയിലുമാണ് സ്വന്തം ആവാസ വ്യവസ്ഥയിലേക്ക് ചേക്കേറിയത്
2 വർഷത്തെ കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷത്തിലാണ് മാർക്ക് സംഘടനയുടെ റെസ്ക്യൂ അംഗം ബിജിലേഷ് കോടിയേരി. 2023 ഓഗസ്റ്റിലാണ് തലശ്ശേരിയിൽ നിന്ന് പരുക്കേറ്റ രണ്ട് മയിലുകളെ ബിജിലേഷിന് കിട്ടുന്നത്. ആൺ മയിലിന്റെ കാലും ചിറകും തളർന്ന നിലയിലായിരുന്നു. പെൺ മയിലിനും കാലിനായിരുന്നു പരുക്ക്. വനം വകുപ്പിന്റെ നിർദേശപ്രകാരം രണ്ട് മയിലുകളെയും പന്യന്നൂരിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയും ബിജിലേഷിന്റെ പരിപാലനവും കൂടിയായപ്പോൾ മയിലുകൾ പുതുജീവിതത്തിലേക്ക്.
20 മാസത്തെ പരിപാലനവും ശുശ്രൂഷയും മയിലുകൾക്ക് പുതുജീവൻ നൽകി. പൂർണ ആരോഗ്യത്തോടെ കാടിന്റെ വന്യതയിലേക്ക് ആൺ മയിലും പെൺ മയിലും പറന്നകന്നു.