പെരുന്നാൾ ദിവസം നിർധനരായ നാല് കുടുംബങ്ങൾക്ക് തണലൊരുക്കി കോഴിക്കോട് സ്വദേശി ഹംസ. കാസർകോട് ഉപ്പളയിലാണ് ഉമ്മ സൈനബയുടെ പേരിൽ ഹംസ വീടുകൾ നിർമിച്ചു കൊടുത്തത്. ഈ നാല് കുടുംബത്തിനും ഇനി അടച്ചിറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. ആരെയും പേടിക്കാതെ. ഈ നാല് ചുമരുകൾക്കുള്ളിൽ ഇവർ സുരക്ഷിതരാണ്.
വീടില്ലാതെ കടത്തിണ്ണയിലും ബസ് സ്റ്റാൻഡിലും റെയിൽവെ സ്റ്റേഷനുകളിലും അന്തിയുറങ്ങിയ ഒരു കുട്ടിക്കാലം ഹംസക്കുണ്ടായിരുന്നു. തനിക്കൊരു നല്ലകാലം വരുമ്പോൾ സമാന രീതിയിൽ കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങാവണമെന്ന് അന്നേ മനസ്സിൽ ഉറപ്പിച്ചു. ഉമ്മ സൈനബയുടെ സ്മരണാർഥമാണ് വീടുകൾ നൽകുന്നത്. താക്കോൽ കൈമാറാനായി തിരഞ്ഞെടുത്തത് വിശുദ്ധ പെരുന്നാൾ ദിനവും.
കേരളത്തിൽ പല ജില്ലകളിലായി ഇരുപതോളം വീടുകൾ ഹംസ നിർമിച്ചു കൊടുത്തിട്ടുണ്ട്. മറ്റുള്ളവർക്ക് വീടുകൾ നിർമ്മിച്ചു കൊടുത്തിട്ടുണ്ടെങ്കിലും സ്വന്തമായി ഒരു വീട് ഇതുവരെ പണിതിട്ടില്ല. ആറടി മണ്ണിൽ ഉറങ്ങേണ്ടവൻ മണിമാളികയിൽ എങ്ങനെ അന്തിയുറങ്ങും എന്നാണ് ഹംസയുടെ ചോദ്യം.