റോഡിന്‍റെ സംരക്ഷണഭിത്തിയിടിഞ്ഞത് വയോധികയ്ക്കും കുടുംബത്തിനും ഭീഷണിയാവുന്നു. കാസർകോട് വട്ടക്കല്ലിലെ നാരായണിയുടെ വീടാണ് അപകടഭീഷണിയിലുള്ളത്. കിളിയളം-കോട്ടപ്പാറ റോഡിന്‍റെ സുരക്ഷാ ഭിത്തിയാണ് ഇടിഞ്ഞത്.
ഈ മഴക്കാലത്ത് ജീവനും കൈയിൽ പിടിച്ചാണ് നാരായണിയും കുടുംബം ഓരോ നിമിഷവും തള്ളിനീക്കുന്നത്. മഴകനക്കുമ്പോൾ മനസ്സിൽ ആശങ്കയുടെ കാർമേഘങ്ങൾ ഇരുണ്ടുകൂടും.
കുന്നിൻചെരുവിലെ മണ്ണ് നീക്കം ചെയ്താണ് കിളിയളം - കോട്ടപ്പാറ റോഡ് നിർമിച്ചത്. കനത്ത മഴയിൽ റോഡിന്‍റെ സുരക്ഷയ്ക്കായി കെട്ടിയ കരിങ്കല്ലിന്റെ അടിഭാഗം ഇളകി താഴെയെത്തി. വീട് അപകടാവസ്ഥയിലായതോടെ നാരായണിയമ്മയെ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. മകളും മരുമകനുമാണ് വീട്ടിൽ താമസിക്കുന്നത്.
നവകേരളസദസ്സിൽ നാരായണി അപേക്ഷ നൽകിയെങ്കിലും അധികൃതർ കൈമലർത്തി കാണിച്ചു. ഇനി എന്ത് ചെയ്യുമെന്നറിയാതെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനായി നെട്ടോട്ടമോടുകയാണ് ഈ കുടുംബം.