ഇലക്കറി വിഭവ മേളയൊരുക്കി കാസർകോട് പടന്ന ജി യു പി സ്കൂൾ. കുട്ടികൾക്ക് ഇലക്കറിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് അധ്യാപകരും പിടിഎയും ചേർന്ന് ഇലക്കറി മേള സംഘടിപ്പിച്ചത്.
മേശപ്പുറത്ത് നിറയെ ഇലക്കറികൾ കൊണ്ടുള്ള വിഭവങ്ങൾ. പല തരം തോരനുകൾ, ചമ്മന്തികൾ, കറികൾ. വിവിധ തരം ചീരകൾ, തഴുതാമ, താള്, കൊടുത്തൂവ എന്നിവയെല്ലാം രുചികളിൽ നിരന്നു. മുത്തിൾ കൊണ്ടുള്ള ചമ്മന്തിയും പച്ചടിയും തോരനും രുചിയിൽ മികച്ചു നിന്നു. മുരിങ്ങയിലയിലായിരുന്നു പരീക്ഷണങ്ങളധികവും.
അമ്മമാർ വീടുകളിൽ നിന്നും തയ്യാറാക്കിക്കൊണ്ടുവന്നതായിരുന്നു വിഭവങ്ങളെല്ലാം. ഇലകളുടെ രുചി വൈവിധ്യം കുട്ടികൾ രുചിച്ചറിഞ്ഞു. ഇളക്കറികളുടെ ഗുണങ്ങൾ അധ്യാപകർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. സ്കൂളിൽ
കുട്ടികൾ നടത്തിയ സർവേയിൽ മാസങ്ങളായി ഇലക്കറി കഴിക്കാത്ത കുട്ടികളുണ്ടെന്ന കണ്ടെത്തലും മേളയുടെ സംഘാടനത്തിന് കാരണമായി.