കരനെൽ കൃഷിയിൽ വിജയ മാതൃക തീർത്ത് കാസർകോട് പിലിക്കോട്ടെ ജനശ്രീ യൂണിറ്റുകൾ. പിലിക്കോട് വയലിലെ പ്രിയദർശിനി യൂണിറ്റുകളാണ് കൃഷി ഇറക്കി വിജയം കൊയ്തെടുത്തത്.
പിലിക്കോട് വയലിലെ 35 സെന്റ്ഭൂമിയിലാണ് രണ്ട് ജനശ്രീ യൂണിറ്റുകൾ സംയുക്തമായി കൃഷിയിറക്കിയത്. പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും എത്തിച്ച അത്യുൽപാദനശേഷിയുള്ള മനുരത്ന നെല്ലിനമാണ് കൃഷിക്ക് ഉപയോഗിച്ചത്. തരിശുഭൂമിയെ സമൃദ്ധമാക്കി മൂന്നുമാസം കൊണ്ട് മികച്ച വിളവ് ലഭിച്ചു. നിലമൊരുക്കലും കൊയ്ത്തും മെതിയുമെല്ലാം രണ്ട് ജനശ്രീ യൂണിറ്റുകളിലെ അംഗങ്ങൾ തന്നെയാണ് ചെയ്തത്.
വിളവെടുപ്പിനെ മുൻപേ അരിക്ക് ആവശ്യക്കാരും എത്തിത്തുടങ്ങിയിരുന്നു. നാടിന്റെ കാർഷികസമൃദ്ധി വീണ്ടെടുക്കാൻ വരുംവർഷങ്ങളിലും ജനശ്രീ പ്രവർത്തകർ നെൽകൃഷിയിൽ സജീവമാകും. അടുത്ത കൃഷിക്കുള്ള നെൽ വിത്ത് എടുത്ത് വച്ച്, ശേഷിക്കുന്നത് കുടുംബ സംഗമത്തിൽ സദ്യഒരുക്കാനാണ് തീരുമാനം.