അനുഷ്ഠാന പെരുമയിൽ കാസർകോട് ചെറുവത്തൂർ കാരി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ മുറതെറ്റാതെ ഇക്കുറിയും അമ്പെയ്ത്ത് നടത്തി. ഗ്രാമീണ ജനതയുടെ ഓണശീലങ്ങളില്‍ നിന്നും പടിയിറങ്ങാത്ത അനുഷ്ഠാനമാണ് ക്ഷേത്ര ഇഡുവില്‍ ഓണനാളുകളില്‍ നടത്തുന്ന അമ്പെയ്ത്ത്.
ഉത്രാടം,തിരുവോണം, അവിട്ടം ദിനങ്ങളിലാണ് കാരി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ അമ്പെയ്ത്ത് നടത്തുന്നത്. കാലം മാറിയെങ്കിലും പരമ്പരാഗത രീതിയില്‍ തന്നെ ഇന്നും ഇവിടെ അമ്പെയ്ത്ത് ചടങ്ങ് നടക്കുന്നു. പൊതിച്ച തേങ്ങ വെള്ളത്തില്‍ കുതിര്‍ത്ത് ചിരട്ട പൊട്ടിച്ചെടുത്ത കാമ്പാണ് ഇഡുവില്‍ ലക്ഷ്യമായി വയ്ക്കുന്നത്. മുള കൊണ്ടുണ്ടാക്കിയ വില്ലും, കുരുത്തോലയുടെ ഈര്‍ക്കില്‍ കൊണ്ടുണ്ടാക്കിയ വില്ലുമാണ് അമ്പെയ്ത്തിനായി ഉപയോഗിക്കുന്നത്. ആദ്യം ദൂരെ നിന്നും പിന്നീട് ദൂരം കുറച്ചും ലക്ഷ്യത്തിലേക്ക് അമ്പ് തൊടുക്കും.
ഗ്രാമീണ സമൂഹത്തിലെ പഴയ കാല അമ്പെയ്ത്ത് പരിശീലന കേന്ദ്രങ്ങളായിരുന്നു ഇഡു. കാസർകോട് ജില്ലയിൽ ചെറുവത്തൂർ ,കൊവ്വൽ, പിലിക്കോട്, രയരമംഗലം, പുത്തിലോട്ട് എന്നിവിടങ്ങളിലെല്ലാം ഇത്തരം ഇഡുകൾ ഇന്നും കാണാനാകും. എന്നാൽ ചെറുവത്തൂര്‍ കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഇഡുവില്‍ മാത്രമാണ് ഇപ്പോഴും ഓണനാളുകളിൽ അമ്പെയ്ത്ത് നടക്കാറുള്ളത്.