ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും പൂരോത്സവത്തിന്‍റെ ലഹരിയിലാണ്. ഒട്ടേറെ സവിശേഷതകൾ നിറഞ്ഞ വടക്കിന്‌റെ പൂരോത്സവത്തിന്റെ പ്രധാന ആകർഷണം പൂരക്കളിയാണ്.
മീന മാസത്തിലെ കാർത്തിക മുതൽ പൂരം നക്ഷത്രം വരെയാണ് വടക്കിന്റെ മണ്ണിൽ പൂരോത്സവം. പൂരോത്സവം പെൺകുട്ടികൾ കാമദേവനെ പൂജിക്കുന്നതാണെങ്കിൽ, കളരി ചുവടുകൾ ഇഴകി ചേർന്ന പൂരക്കളി പുരുഷന്മാരുടെ മെയ്യഭ്യാസപ്രകടനം കൂടിയാണ്. പൂരോത്സവത്തിന് ആഴ്ചകൾക്ക് മുമ്പേ തന്നെ ക്ഷേത്രങ്ങളിലെല്ലാം പൂരക്കളിയും അനുബന്ധ ചടങ്ങുകളും ആരംഭിക്കും. ക്ഷേത്രങ്ങൾക്കു പുറത്തുനിർമിച്ച പന്തലുകളിലാണ് പൂരക്കളിക്ക് തുടക്കം കുറിക്കുന്നത്.
പരിശീലനത്തിനിടെ ഉറഞ്ഞെത്തുന്ന ദേവനർത്തകർ മൊഴി പറഞ്ഞ ആചാരസ്ഥാനികരെയും പണിക്കരെയും കളിക്കാരെയും അനുഗ്രഹിക്കും പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളിലും കാവുകളിലും രോഹിണി നാളിലാണ് പന്തൽക്കളിമാറൽ. തൊട്ടടുത്തദിവസം മുതൽ ക്ഷേത്രമുറ്റത്ത് പൂരക്കളി ആരംഭിക്കും. സവിശേഷ ദിനങ്ങളിൽ പൂരകഞ്ഞിയും ഒരുക്കും.