cheruvannur-steel-complex

കോഴിക്കോട് ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് ഏറ്റെടുക്കല്‍ സ്തംഭിച്ചു.  ഛത്തീസ്ഗഡ് ആസ്ഥാനമായ കമ്പനി കോപ്ലക്സിലേക്ക്  പ്രവേശിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ നിലച്ചത്. സ്റ്റീല്‍ കോംപ്ലക്സിന്‍റെ സ്വത്തുവകകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍‌കണമെന്നും കോടതി നിര്‍ദേശം നല്‍കി. 

 

മൂന്ന് ദിവസമായി സ്റ്റീല്‍ കോംപ്ലക്സിന് മുന്നില്‍ സമരം നടത്തിയ തൊഴിലാളികള്‍ക്കാണ് ഹൈക്കോടതി വിധി താത്കാലിക ആശ്വാസമായത്.  ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം, ചെന്നൈ ,നാഷനല്‍ കമ്പനി ലോ അപ്‌ലറ്റ് ട്രൈബ്യൂണലിന് മുമ്പാകെ, നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സ്വത്തുകളുടെ കണക്കെടുപ്പിനായി എത്തുന്ന, സ്വകാര്യ കമ്പനി പ്രതിനിധികള്‍ക്ക്, പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച കമ്പനി അധികൃതര്‍ കണക്കെടുപ്പിനായി എത്തിയിരുന്നെങ്കിലും തൊഴിലാളികളുടെ പ്രതിഷേധത്തെതുടര്‍ന്ന് മടങ്ങിപോവുകയായിരുന്നു. കേസില്‍ തുടര്‍വാദം കേള്‍ക്കുന്നതിനിടെയാണ് കോംപ്ലക്സില്‍ പ്രവേശിക്കുന്നതിന്, കമ്പനിയെ, കോടതി വിലക്കിയത്.

2013ല്‍ കാനറാ ബാങ്കില്‍ നിന്നെടുത്ത 45 കോടി രൂപയുടെ വായ്പതിരിച്ചടവ് മുടങ്ങിയതോടെയാണ് സ്റ്റീല്‍ കോംപ്ലക്സിനെ ഛത്തീസ്‍ഗഡ് ഔട്ട് സോഴ്സിങ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തത്. 300 കോടി രൂപയോളം വിലമതിക്കുന്ന സ്റ്റീല്‍ കോംപ്ലക്സ് 30 കോടിക്ക് സ്വകാര്യ കമ്പനി ഏറ്റെടുത്തത് വിവാദമായിരുന്നു. ഏറ്റെടുക്കലിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. കേസ് ഈമാസം 22ന് വീണ്ടും പരിഗണിക്കും. 

ENGLISH SUMMARY:

Kerala High Court put stay on Cheruvannur Steel complex attachment. Asked police to protect it.