കോഴിക്കോട് കൊമ്മേരിയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 42 ആയി. കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാംപിൽ മൂന്നു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗികളുടെ എണ്ണം കൂടിയത്. രോഗലക്ഷണമുള്ള 30 പേരുടെ സാംപിളുകളാണ് മെഡിക്കൽ ക്യാമ്പിൽ പരിശോധിച്ചത്.
ജനകീയ ആസൂത്രണ കമ്മിറ്റിയുടെ പൊതുക്കിണറിൽ നിന്നും വെള്ളം ഉപയോഗിച്ചവരിൽ രോഗലക്ഷണം ഉള്ളവരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. 120ഓളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. നിലവിൽ ചികിത്സയിൽ ഉള്ളതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
രോഗബാധയെ തുടർന്ന് പൊതു കിണറിലെ വെള്ളം പരിശോധിക്കുകയും അതിൽ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ കിണറിലെ വെള്ളമല്ല അസുഖത്തിന് കാരണമെന്ന് വരുത്തിത്തീർത്ത് ജനകീയ ആസൂത്രണ കമ്മിറ്റി അംഗങ്ങളെ സംരക്ഷിക്കാനാണ് കോർപറേഷൻ്റ ശ്രമമെന്നാണ് നാട്ടുകാരുടെ ആരോപണം. രോഗബാധിതരുടെ ചികിത്സ ചെലവ് കോർപ്പറേഷൻ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.