കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാല് വിദ്യാര്‍ഥികള്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 65 ആയി. രോഗം പടരുന്ന സാഹചര്യത്തില്‍ ഇന്ന് പഞ്ചായത്ത് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.
ലോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാല് വിദ്യാര്‍ഥികള്‍ക്ക് കൂടി മഞ്ഞപ്പിത്തം കണ്ടെത്തിയത്. ഇതോടെ എല്ലാ കുട്ടികളെയും പരിശോധിക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം തുടക്കം കുറിച്ച മെഡിക്കല്‍ ക്യാംപില്‍ മുഴുവന്‍ കുട്ടികളെയും പരിശോധിക്കാനുള്ള സൗകര്യം ഒരുക്കും.
രോഗത്തിന്‍റെ ഉറവിടം ഇപ്പോഴും അജ്ഞാതമാണ്. കിണര്‍ വെള്ളത്തിന് പുറമേ പൈപ്പ് വഴിയെത്തുന്ന ശുദ്ധജലവും വിദ്യാലയം ഉപയോഗിക്കുന്നു. ഈ രണ്ട് വെള്ളവും പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം നെഗറ്റീവാണ്. അതിനാല്‍ തന്നെ എവിടെ നിന്ന് രോഗം വന്നുവെന്ന് ഇനി കണ്ടെത്തണം. സ്കൂളിന് സമീപത്തെ ജ്യൂസ്, ഐസ് കടകള്‍ തല്‍ക്കാലത്തേയ്ക്ക് അടച്ചിട്ടുണ്ട്. ഈ കടകളിലെ വെള്ളവും ഉടന്‍ പരിശോധനയ്ക്ക് അയയ്ക്കും. പഞ്ചായത്ത് ഇന്ന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ രോഗപ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യും.