TOPICS COVERED

കോഴിക്കോട് കൊടുവള്ളിയില്‍ നാല് പതിറ്റാണ്ട് പഴക്കമുള്ള നഗരസഭാ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു നീക്കുന്നത് അനിശ്ചിതത്വത്തില്‍. പുതിയകെട്ടിടത്തിനുള്ള രൂപരേഖയടക്കം തയ്യാറായെങ്കിലും കച്ചവടക്കാർ ഒഴിഞ്ഞു പോകാന്‍ തയ്യാറാവാത്തതാണ് നിലവിലെ പ്രതിസന്ധി. പുനരധിവാസം ഉറപ്പാക്കാതെ പഴയ കെട്ടിടത്തില്‍ നിന്ന് ഒഴിയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

കോണ്‍ക്രീറ്റ് പാളികള്‍ അട‍ര്‍ന്ന് വീണുകൊണ്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കെട്ടിടത്തിന്‍റെ താഴെ നില്‍ക്കുന്നത്  ഒഴിവാക്കേണ്ടതാണ്. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തില്‍ നിന്നും ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് നഗരസഭയ്ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.

ആയിരകണക്കിന് ആള്‍ക്കാര്‍ ദിനവും വന്ന് പോകുന്ന 16 കടമുറികളും നിരവധി ലോട്ടറി കച്ചവടക്കാരും ഉള്ള ബസ്സ് സ്റ്റാന്‍ഡ് കെട്ടിടത്തിന് മുന്‍പില്‍ ഇങ്ങനെ ഒരു മുന്നറിയിപ്പ് ബോര്‍ഡുണ്ട്. ആരോ ചുരുട്ടികൂട്ടി വെച്ചതാണ്.  അഴിച്ചെടുത്ത് നഗരസഭാ അധികൃതര്‍  വീണ്ടും നേരെ കെട്ടിവച്ചു. ഉത്തരവാദിത്തങ്ങളെല്ലാം ഇങ്ങനെ ഒരു അറിയിപ്പില്‍ ഒതുക്കി കൈകഴുകാന്‍ നഗരസഭയ്ക്കാകുമോ. 

തങ്ങള്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് അപകടഭീഷണി ഉള്ള കെട്ടിടത്തിലെ കച്ചവടക്കാർ പറയുന്നു. ദിനവും എന്നപോലെ കെട്ടിടത്തിന്‍റെ ഭാഗങ്ങള്‍ പൊളിഞ്ഞു വീഴുന്നുണ്ടെന്ന് നഗരസഭ ആവര്‍ത്തിക്കുന്നു. നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ വച്ച്  പന്താടുന്ന സമീപനം ബന്ധപ്പെട്ട അധികൃതര്‍ ഇനിയെങ്കിലും ഒഴിവാക്കണം. കണ്ണുതുറക്കാന്‍ എന്തെങ്കിലും അത്യാഹിതം സംഭവിക്കാനായി കാത്തിരിക്കരുത്. 

ENGLISH SUMMARY:

Demolition of the four-decade-old municipal bus stand building at Koduvalli in Kozhikode is uncertain