കോഴിക്കോട് പേരാമ്പ്രയിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ മഞ്ഞപ്പിത്തം ബാധിച്ചത് സ്കൂളിന് സമീപത്തെ കടകളില്‍ നിന്നെന്ന് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം. നാലുദിവസത്തിനകം പരിശോധനാഫലം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതവരും. രോഗബാധയുണ്ടായ വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളിന് പ്രാദേശിക അവധി നല്‍കാനും തീരുമാനമായി.
പേരാമ്പ്ര ചങ്ങരോത്തിലെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 210 പിന്നിട്ടു. ഇതില്‍ 90 ശതമാനവും വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. 10 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. രോഗബാധ ഉണ്ടായ കുട്ടികളെല്ലാം ഭക്ഷണം കഴിച്ചത് സ്കൂളിന് സമീപത്തെ കടകളില്‍ നിന്നാണെന്ന് കണ്ടെത്തി.
സ്കൂളിന് സമീപത്തെ ചില വീടുകളില്‍ നിന്നാണ് കടകളിലേയ്ക്ക് വെള്ളം എത്തിയിരുന്നത്. അതിനാല്‍ ഈ വീടുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നാല് ദിവസത്തിനകം പരിശോധനാഫലം വരും. ഇതോടെ രോഗ ഉറവിടം വ്യക്തമാകും. അതിനിടെ രോഗനിയന്ത്രണം സാധ്യമാകാത്ത സാഹചര്യത്തില്‍ വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളിന് പ്രാദേശിക അവധി നല്‍കാന്‍ തീരുമാനിച്ചു. 23 മുതല്‍ 28 വരെ മാത്രമേ നിലവില്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളൂ എങ്കിലും രോഗ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.