കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികില്‍സാപ്പിഴവ് ആരോപണവുമായി യുവതി. പ്രസവ ചികിത്സയ്ക്കിടെ മരുന്ന് കുത്തി വച്ചതിന്‍റെ പാർശ്വഫലമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് പൂളക്കടവ് സ്വദേശിനിയായ യുവതി അനുഭവിക്കുന്നത്. പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു.
2022ലാണ് സംഭവം. പ്രസവ ചികിൽസയുടെ ഭാഗമായി ഡോക്ടർമാർ മരുന്നു കുത്തി വച്ചതോടെ വായ് പൊട്ടി വ്രണങ്ങളുണ്ടായി, ശരീരമാകെ അസ്വസ്ഥതയും. കുത്തിവയ്പ് കഴിഞ്ഞയുടന്‍ അസ്വസ്ഥതകള്‍ തുടങ്ങി. ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും അവര്‍ കാര്യമായെടുത്തില്ല. മെഡിക്കൽ കോളേജിലെ നാല് ഡോക്ടർമാർക്കെതിരെയാണ് ആരോപണം.
പ്രസവം കഴിഞ്ഞ ദിവസങ്ങൾക്ക് ശേഷമാണ് യുവതിക്ക് അണുബാധയെന്ന് ആശുപത്രി അധികൃതർ കുടംബത്തോട് പറയുന്നത്. പരാതി കൊടുത്ത് മാസങ്ങൾ പിന്നിട്ടിടും, കേസ് പോലും എടുക്കാൻ പൊലീസ് തയ്യാറായില്ല. എംകെ രാഘവൻ എംപി ഇടപെട്ടതോടെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ചികിത്സാ പിഴവിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു സ്വന്തമായി വീടുപോലും ഇല്ലാത്ത ഈ കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയാണ് ചികിത്സ പുഴവുമൂലം ഉണ്ടായത്.